Anuprabha
നാടോടിനൃത്തം കളിക്കുന്നതിനിടെ മുദ്രകള്‍ മറന്നുപോയ
അനുപ്രഭയ്‌ക്കൊപ്പം ടീച്ചര്‍ കെ.എച്ച്. ഹരിത കളിക്കുന്നു

മലപ്പുറം: നാടോടിനൃത്തത്തിന് തന്റെ പേരുവിളിച്ചപ്പോള്‍ അനുപ്രഭയ്ക്ക് സന്തോഷം ഇരട്ടിയായി. നല്ല പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസം അവളുടെ മുഖത്ത് അത്രയ്ക്കുണ്ടായിരുന്നു. പക്ഷെ, വേദിയില്‍ കയറിയപ്പോള്‍ പഠിച്ചത് പെട്ടെന്നു മറന്നുപോയി. വിഷമത്തിലായി നില്‍ക്കുന്ന അനുപ്രഭയെ ആശ്വസിപ്പിക്കാന്‍  അവിടെയുണ്ടായിരുന്ന അധ്യാപിക കെ.എച്ച്. ഹരിത വേദിയിലെത്തി. 

പഠിപ്പിച്ചത് ഓര്‍ത്തെടുക്കാന്‍ ടീച്ചര്‍ അവള്‍ക്ക് മുദ്രകള്‍ കാണിച്ചുകൊടുത്തു. പതിയെ അനുപ്രഭ ടീച്ചര്‍ക്കൊപ്പം കളിച്ചുതുടങ്ങി. സഹായിയായി വേദിയിലെത്തിയ ടീച്ചര്‍ പ്രിയശിഷ്യക്കൊപ്പം ചുവടുവെച്ചായിരുന്നു വേദിവിട്ടത്. നൃത്തത്തില്‍ ലയിച്ച ഇരുവരുടെയും പ്രകടനത്തിന് നിറഞ്ഞ ൈകയടിയായിരുന്നു സദസ്സില്‍.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സ്‌കൂളുകളുടെയും റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലെയും കുട്ടികളുടെ കലോത്സവ പ്രവൃത്തിപരിചയ മേളയിലായിരുന്നു കാണികളെ സന്തോഷിപ്പിച്ച രംഗം അരങ്ങേറിയത്. കരുവാരക്കുണ്ട് റിഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥിനിയാണ് അനുപ്രഭ. ഹരിത അതേ സ്‌കൂളിലെ അധ്യാപികയുമാണ്.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഏഴു ബഡ്‌സ് സ്‌കൂളുകളിലെയും എട്ടു ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലെയും കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രി കെ.ടി. ജലീല്‍ പരിപാടി ഉദ്ഘാടനംചെയ്തു. തവനൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളുകളുടെ വികസനത്തിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാര്‍ക്ക് ഉപജീവനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഇത്തരം സ്‌കൂളുകള്‍ക്ക് അനുബന്ധമായി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ സമ്മാനം നല്‍കി. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, കൊണ്ടോട്ടി നഗരസഭ അധ്യക്ഷന്‍ നാടിക്കുട്ടി, കൃഷ്ണമൂര്‍ത്തി, രഘു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി.കെ. ഹേമലത, കെ.എം. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.