സിഡ്‌നി: ആസ്‌ട്രേലിയന്‍ നിയമനിര്‍മാണസഭയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചിരിക്കുന്നത് ആഴ്ചകള്‍ മാത്രം പ്രായമുള്ള ആലിയ ജോയ് വാട്ടേഴ്‌സ് എന്ന പെണ്‍കുഞ്ഞാണ്. പാര്‍ലമെന്റില്‍ അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചാണ് ഈ കുഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയത്.  സെനറ്റര്‍ ലാരിസ വാട്ടേഴ്‌സിന്റെ രണ്ടാമത്തെ കുഞ്ഞാണ് ആലിയ. 

ഈ വര്‍ഷം ആദ്യമാണ് ലാരിസ ആലിയക്ക് ജന്മം നല്‍കുന്നത്. പ്രസവശേഷം ചൊവ്വാഴ്ചയാണ്‌ ലാരിസ വീണ്ടും പാര്‍ലമെന്റില്‍ തിരിച്ചെത്തുന്നത്. അതു സഭയില്‍ ഒരു വോട്ടിങ്ങിനായി. ഒപ്പം കുഞ്ഞ് ആലിയയുമുണ്ടായിരുന്നു. കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടാനും ലാരിസ മടിച്ചില്ല. ആസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്.  

പാര്‍ലമെന്റിലിരുന്ന് അമ്മയുടെ പാല്‍കുടിച്ച ആദ്യ കുഞ്ഞ് തന്റെ മകളായതില്‍ അഭിമാനിക്കുന്നുവെന്ന് സംഭവത്തിന് ശേഷം ലാരിസ ട്വീറ്റ് ചെയ്തിരുന്നു. 

ഈ നിമിഷം അംഗീകരിക്കപ്പെടേണ്ടതാണെന്നായിരുന്നു സഹ രാഷ്ട്രീയപ്രവര്‍ത്തക കാറ്റി ഗല്ലാഹറിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം സഭയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ഉണ്ടായ ഭേദഗതിയാണ് പാര്‍ലമെന്റിലിരുന്ന് മുലയൂട്ടാന്‍ ലാരിസക്ക് തുണയായത്. 

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടയില്‍ കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് ഐസ് ലാന്‍ഡിലെ ഒരു സഭാംഗവും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.