കോഴിക്കോട്: ഏഷ്യൻരാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികൾക്ക് ഏർപ്പെടുത്തിയ ‘ഏഷ്യ എച്ച്.ആർ.ഡി’ പുരസ്കാരത്തിന് മലയാളിവനിത അർഹയായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസിന്റെ എച്ച്.ആർ. ഡയറക്ടറുമായ ജ്യോതിമേനോനാണ് പുരസ്കാരം.
 
‘എച്ച്.ആർ. സമൂഹത്തിനുള്ള സംഭാവന’ എന്ന വിഭാഗത്തിലാണ് ജ്യോതിമേനോന്റെ പ്രവർത്തനം അംഗീകരിക്കപ്പെട്ടത്. ഈ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് അവാർഡ് നേടിയ ഏക വ്യക്തിയാണ് ഇവർ. ജീവനക്കാരിലെ വൈവിധ്യങ്ങളായ കഴിവുകൾ കണ്ടെത്തി അവ തൊഴിൽമേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വിധത്തിൽ ഉപയോഗിച്ചെന്നതാണ് ഇവരെ അവാർഡിനർഹയാക്കിയ ഘടകം. ബഹ്റൈൻ രാജകുടുംബാംഗമായ മുൻ മന്ത്രി ഫഹ്മി ബിൻ അലി അൽ ജൗദർ ചെയർമാനായ കമ്മിറ്റിയാണ് കഴിഞ്ഞ പതിനാല് വർഷമായി അവാർഡ് നിർണയിക്കുന്നത്. 
 
മലേഷ്യ, ഇൻഡൊനീഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിവിധവിഭാഗം മേധാവികളാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ. മലേഷ്യയിലെ പുത്രജയയിൽ നടന്ന ചടങ്ങിൽ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി അവാർഡ് സമ്മാനിച്ചു. എയർ ഇന്ത്യ റിട്ട. ജനറൽ മാനേജർ കെ.ആർ. രാമചന്ദ്രന്റെയും വനജയുടെയും മകളാണ് ജ്യോതിമേനോൻ.