കൊറോണ പേടിപ്പിക്കുന്ന ഏകാന്തനിമിഷങ്ങളില്‍ ദിവസവും ആശമാര്‍ അവരെ വിളിക്കും. ക്ഷേമാന്വേഷണത്തിന്റെ ഈ വിളികളാണ് വീട്ടുനിരീക്ഷണത്തിലുള്ളവര്‍ക്കുള്ള സാന്ത്വനം. വീട്ടിലിരുന്നും ഫീല്‍ഡിലിറങ്ങിയും 2942 'ആശ'മാര്‍ ആവേശപൂര്‍വം സേവനം ചെയ്യുന്നു. കിടപ്പിലായ രോഗികളുടെ ക്ഷേമം അന്വേഷിക്കുന്നതിനപ്പുറം കൊറോണക്കാലത്ത് അതിജാഗ്രതയോടെ ജോലിചെയ്യുകയാണ് ഇവര്‍. കണ്ണൂരില്‍ 2000 അംഗീകൃത സാമൂഹിക ആരോഗ്യപ്രവര്‍ത്തകരാണ് (ആശ-അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) ഉള്ളത്.

ആദ്യ കൊറോണ പോസിറ്റീവ് ഫലം വന്ന പെരിങ്ങോം പഞ്ചായത്തിലെ വാര്‍ഡിലെ ആശാവര്‍ക്കറാണ് രജനി മോഹന്‍. കണ്ണൂര്‍ ജില്ലാ ആശാ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി കൂടിയാണ്.

നിരീക്ഷണത്തിലുള്ളവരോട് നിരന്തരം ക്ഷേമാന്വേഷണം നടത്തി ആരോഗ്യവകുപ്പിനെ അറിയിക്കാനുള്ള ഇവരുടെ പുതിയ ദൗത്യമായിരുന്നു. കുടുംബം നല്ലപോലെ സഹകരിച്ചു. പോസിറ്റീവ് നെഗറ്റീവായതിന്റെ ആശ്വാസം എല്ലാവര്‍ക്കുമുണ്ടായി. അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ എന്ന നിലയില്‍ അവിടെ ശുചീകരണത്തിലും പങ്കാളിയായി. നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളെ ദിവസവും വിളിച്ചന്വേഷിക്കാനും നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കാനും ഇവരെപ്പോലെ ഓരോ ആശമാരും ഫീല്‍ഡിലുണ്ട്.

സുരക്ഷയുടെ ഭാഗമായി മാസ്‌ക് കിട്ടാതായപ്പോള്‍ അവര്‍ തന്നെ മാസ്‌ക് തയ്ച്ചു.

നിലവില്‍ ഇതിനുപുറമെ ഒരുപിടി സേവനങ്ങള്‍ ഓരോ വാര്‍ഡിലും ഇവര്‍ക്ക് ചെയ്യാനുണ്ട്. കിടപ്പിലായ രോഗികളുടെ ക്ഷേമം അന്വേഷിക്കുന്നു.

ഡയാലിസിസ് രോഗികള്‍ക്ക് മരുന്ന് എത്തിച്ചുനല്‍കും. പ്രായമായവര്‍, പാലിയേറ്റീവ് രോഗികള്‍ ഇവരുടെ ക്ഷേമാന്വേഷണം. ഇതിനിടയില്‍ കുടുംബശ്രീയുടെ സാന്ത്വനം വൊളന്റിയര്‍ പ്രവര്‍ത്തനവും.

Content highlights: ASHA workers fighting Corona Virus at frontline