ലോകാമാകെ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ത്യയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ മുന്‍നിരയിലാണ്  നമ്മുടെ ആശാ വര്‍ക്കര്‍മാര്‍. സമൂഹത്തിലെ താഴേത്തട്ടില്‍ തുടങ്ങി ബോധവത്ക്കരണം മുതല്‍ പരിചരണം വരെ ഏറ്റെടുത്ത് നടത്തുന്നവരാണ് ആശാവര്‍ക്കര്‍മാര്‍.  ഇപ്പോളിതാ 2021-ലെ ഫോബ്‌സ് പട്ടികയില്‍ ഏറ്റവും ശക്തയായ സ്ത്രീകളുടെ  കൂട്ടത്തിലും ഇടം നേടിയിരിക്കുകയാണ്‌ ഇന്ത്യയില്‍ നിന്നൊരു ആശാവര്‍ക്കര്‍.
 
ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍നിന്നുള്ള ആശാ വര്‍ക്കര്‍ മെറ്റില്‍ഡ കുല്ലുവാണ് ഈ നേട്ടത്തിനുടമ. ഫോബ്‌സ് പട്ടികയില്‍ മൂന്നാമതാണ്  ഇവരുടെ സ്ഥാനം. 20 പേരാണ് പട്ടികയില്‍ ആകെയുള്ളത്. 2005 മുതല്‍ ആരോഗ്യമേഖലയില്‍ സജീവപ്രവര്‍ത്തകയാണ്‌ മെറ്റില്‍ഡ.  ജില്ലയിലെ ഗ്രാമപ്രദേശമായ ഗര്‍ഗദ്ബാഹലിലെ സേവനത്തിനാണ് മെറ്റില്‍ഡയെ തേടി അംഗീകാരമെത്തിയിരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന് പുറമെ ആരോഗ്യസംവിധാനം ആളുകളിലേക്ക് കൂടുതല്‍ അടുത്തേക്ക് എത്തിക്കാന്‍ മെറ്റില്‍ഡ നടത്തിയ ശ്രമങ്ങളാണ് ഈ നേട്ടത്തിന് കാരണമായത്. നേട്ടത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉള്‍പ്പടെയുള്ളവര്‍ മെറ്റില്‍ഡയ്ക്  അഭിനന്ദനം അറിയിച്ച് രംഗത്തെത്തി. 

 ഒരു മാസം 4500 രൂപയാണ് ഓണറേറിയം ആയി മെറ്റില്‍ഡയ്ക്ക് ലഭിക്കുക. എന്നാല്‍, ഈ തുകയ്ക്കും അപ്പുറത്തുള്ള സേവനമാണ് മെറ്റില്‍ഡ തന്റെ ഗ്രാമത്തില്‍ നല്‍കുന്നതെന്ന് ഫോബ്‌സ് കണ്ടെത്തി. ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ അവര്‍ അങ്ങേയറ്റം അഭിമാനിക്കുന്നതായും ഫോബ്‌സ് വെബ്‌സൈറ്റില്‍ പറയുന്നു. 

മികച്ച ചികിത്സാ സൗകര്യങ്ങളുടെയും പരിചരണത്തിന്റെയും പ്രാധാന്യം ഗ്രാമവാസികളെ ധരിപ്പിക്കുന്നതില്‍ മെറ്റില്‍ഡ സഹായിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗവും. അസുഖബാധിതരായാല്‍ ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടതിന്റെയും ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തേണ്ടതിന്റെയും പ്രധാന്യം മെറ്റില്‍ഡ ഗ്രാമവാസികളെ ബോധ്യപ്പെടുത്തി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനു പുറമെ ജാതീയതയ്‌ക്കെതിരേയും തൊട്ടുകൂടായ്മയ്‌ക്കെതിരേയുമുള്ള പോരാട്ടമായിരുന്നു പട്ടിക വിഭാഗത്തില്‍പ്പെട്ട മെറ്റില്‍ഡയുടെ ജീവിതം. 

മുന്‍കാലങ്ങളിൽ തന്റെ ജോലി വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് മെറ്റില്‍ഡ പറയുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ആളുകള്‍ കൂടുതല്‍ മനസ്സിലാക്കി തുടങ്ങുകയും അന്ധവിശ്വാസങ്ങള്‍ കുറയുകയും ചെയ്തു. പഴയതലമുറയില്‍പ്പെട്ടവര്‍ ഇപ്പോഴും തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ട്. എന്നാല്‍ അത് എന്നെ ബാധിക്കുന്നേയില്ല-ഫോബ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മെറ്റില്‍ഡ പറഞ്ഞു.

Content highlights: ASHA worker from odisha powerfull women from India, forbes list