കോട്ടയം: അമ്മയുടെ പിറന്നാളാഘോഷത്തിന് ഇക്കുറിയും പതിവ് തെറ്റിക്കാതെ ഡല്‍ഹിയില്‍ നിന്ന് കോട്ടയത്തെത്തിയതാണ് അരുന്ധതി റോയ്. മുഖാമുഖങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കുമിടയില്‍ വീണുകിട്ടിയ സ്വകാര്യനിമിഷങ്ങളിലൊന്നില്‍ അമ്മ മേരിറോയിയോട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് അരുന്ധതി നേരെ പോയത് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിലേക്കാണ്‌. അവിടുത്തെ കുഞ്ഞുമക്കളോടും അമ്മമാരോടും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍, പിന്നെ അവര്‍ക്കായി ഒരു സമ്മാനം നല്കാന്‍!

ലോകപ്രശസ്ത എഴുത്തുകാരിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആനിയമ്മയും മക്കളും. വരുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്. സാന്ത്വനത്തിലെ അന്തേവാസികളായ അമ്മമാരോട് കുശലാന്വേഷണം നടത്തിയും കുസൃതിക്കുടുക്കകളെ ലാളിച്ചും അരുന്ധതി ഇത്തിരിനേരം ചെലവഴിച്ചു. സ്‌കൂളില്‍ പോയ മക്കളെ കാണാനാവാത്തതിന്റെ സങ്കടം പറയാതെയുമിരുന്നില്ല. 

santhwanam
ഫോട്ടോ: ചിഞ്ചുമോള്‍ റാണി

പിന്നെ നേരെ സാന്ത്വനത്തിലെ ജൈവപച്ചക്കറി തോട്ടത്തിലേക്ക്. കൃഷിരീതികളും വിശേഷങ്ങളുമൊക്കെ ചോദിച്ചറിയുന്ന തിരക്കായി പിന്നെ. ഒടുവില്‍ പോകാനിറങ്ങും മുമ്പ് സാന്ത്വനത്തിലെ മക്കള്‍ക്കായി കയ്യില്‍ കരുതിയ സമ്മാനം ആനിയമ്മയെ ഏല്പിച്ചു. തന്റെ പുതിയ പുസ്തകമായ ദ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സിന്റെ വിറ്റുവരവില്‍ നിന്നുള്ള ലാഭത്തില്‍ നിന്ന് ചെറിയൊരു വിഹിതം!

'പുസ്തകത്തില്‍ ഞാന്‍ പറഞ്ഞത് അനാഥരായവരുടെ കഥകളാണ്. അതില്‍ നിന്ന് ലഭിക്കുന്നതിലൊരു പങ്ക് സാന്ത്വനത്തിലേക്കുള്ളതാണെന്ന് എഴുതുമ്പോഴേ തീരുമാനിച്ചിരുന്നു. ആനിയമ്മയോട് നിറച്ചും സ്‌നേഹം,ഇവിടുത്തെ മക്കളോടും' എന്നെഴുതിയ ഒരു കുറിപ്പും അതോടൊപ്പമുണ്ടായിരുന്നു. ഇനിയും വരുമെന്ന് ഉറപ്പ് നല്കിയായിരുന്നു അരുന്ധതി റോയിയുടെ മടക്കം.