സ്ത്രീധനവും സ്ത്രീധന പീഡനവും മരണങ്ങളും വീണ്ടും വാര്‍ത്തയാകുമ്പോഴാണ് ഏറെ വിചിത്രമായ ഒരു സ്ത്രീധനത്തെ പറ്റി ഔറംഗാബാധില്‍ നിന്നുള്ള വാര്‍ത്ത വൈറലാകുന്നത്. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും  കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും  തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും  വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം  വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല്‍ നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും  വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല്‍ പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 

21 നഖങ്ങളുള്ള ആമയ്ക്ക് 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വിലമതിക്കും എന്നാണ് കണക്ക്. ഇത്തരത്തില്‍ ഒന്നിനെ കണ്ടെത്താന്‍ വധുവിന്റെ കുടുംബത്തിന് സാധിച്ചില്ല. ഈ വിവരം വരന്റെ ബന്ധുക്കളെ അറിയിച്ചതോടെ അവര്‍ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനുമുന്‍പ് കൈമാറ്റം ചെയ്ത് പണവും ആഭരണങ്ങളും തിരികെ കൊടുക്കാന്‍ വരനോ കുടുംബമോ  തയാറാകാതെ വന്നതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വിചിത്രമായ ഈ സ്ത്രീധന ആവശ്യം ലോകമറിയുന്നത്. ഏതായാലും വരനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Content Highlights: Army Man Demands Tortoise with 21 Toenails and Black Labrador as Dowry