കൊച്ചി: രണ്ടുവർഷംമുമ്പ്‌ കൊച്ചിയിൽവെച്ചാണ് അൻസി കബീറും അൻജന ഷാജനും ആദ്യമായി കാണുന്നത്. മിസ് കേരള പട്ടത്തിനായുള്ള വാശിയേറിയ മത്സരത്തിനിടയിലും ഇരുവരും അടുത്തു. അൻസി സൗന്ദര്യറാണിയായപ്പോൾ അൻജന റണ്ണർ അപ്പായി. ഫൈനൽറൗണ്ടിലെ ആത്മവിശ്വാസം തുടിക്കുന്ന അൻസിയുടെ മറുപടികൾ അന്ന് ഏറെ ചർച്ചയായിരുന്നു. യാഥാസ്ഥിതിക പശ്ചാത്തലത്തിൽനിന്ന് പൊരുതിവന്ന താൻ മറ്റുള്ളവർക്ക് ഈ രംഗത്തേക്കുവരാൻ വഴിവിളക്കാകാൻ ശ്രമിക്കുമെന്നാണ് അൻസി കിരീടനേട്ടത്തിനുശേഷം പറഞ്ഞത്.

ആയുർവേദ ഡോക്ടറായിരുന്ന അൻജനയുടെ ചെറുപ്പംമുതലേയുള്ള ആഗ്രഹമായിരുന്നു മോഡലിങ്‌. പലമത്സരങ്ങളിലും അവസാനറൗണ്ടിൽ കിരീടം നഷ്ടപ്പെട്ട ഒട്ടേറെ കഥകൾ അൻസിക്കും പറയാനുണ്ടായിരുന്നു. മോഡലിങ്‌ രംഗത്ത് അൻജനയ്ക്ക് വഴികാട്ടിയത് അൻസിയായിരുന്നു. 2021-ലെ മിസ് സൗത്ത് ഇന്ത്യ കിരീടത്തിലും സ്വന്തം പേരെഴുതിച്ചേർത്തു അൻസി.

സിനിമയിലെ അവസരങ്ങളെക്കാൾ റാമ്പിനെയായിരുന്നു ഇരുവരും സ്നേഹിച്ചത്. മിസ് കേരള കിരീടനേട്ടത്തിനുശേഷം കോവിഡ് പ്രതിസന്ധിയിൽ പുതിയ പദ്ധതികളൊന്നും നടന്നില്ലെങ്കിലും ഇവരുടെ സൗഹൃദം കൂടുതൽ പച്ചപിടിച്ചു. ഒട്ടേറെ മോഡലിങ്‌ പരിപാടികളും ഫോട്ടോഷൂട്ടും ഇവർ ഒന്നിച്ചു ചെയ്തിരുന്നു. പ്രമുഖ വസ്ത്രശാലയുടെ പരസ്യത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

‘പോകാൻ സമയമായി’; അൻസിയുടെ അവസാന പോസ്റ്റ്

അൻസി കബീർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച അവസാന പോസ്റ്റ് നൊമ്പരമായി. ‘പോകാൻ സമയമായി’ എന്ന വാക്കുകളോടെയാണ് വിഡിയോ പങ്കുവെച്ചത്. പച്ചപ്പുനിറഞ്ഞ കാട്ടിനുള്ളിലേക്ക് ശാന്തമായി നൃത്തംചെയ്തുകൊണ്ടുപോകുന്ന അൻസിയാണ് വീഡിയോയിലുള്ളത്. പോസ്റ്റിനുതാഴെ അനുശോചനം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇപ്പോൾ നിറയുന്നത്. ദിവസങ്ങൾക്കുമുമ്പ് അമ്മയ്ക്കൊപ്പം പൊൻമുടിയിൽപ്പോയ ആഹ്ലാദനിമിഷങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പരാജയങ്ങളിലും പ്രതിസന്ധികളിലും ഒപ്പംനിന്നത് അമ്മയാണെന്നും വിജയങ്ങൾക്ക് അവകാശിയും അമ്മയാണെന്നും അൻസി പറഞ്ഞിരുന്നു.

Content Highlights: ansi kabeer anjana shajan accident, anjana shajan ansi kabeer,  miss kerala, anjana shajan wikipedia