നിലമ്പൂർ: ഉൾവനത്തിലൂടെ ജീവൻ പണയംവെച്ച് കുരുന്നുകളെ പഠിപ്പിക്കാൻ പോകുന്ന ജയശ്രീയുടെ ചിത്രം ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാകണം. ആനയും പുലിയും വരുന്ന വഴിയിലൂടെ ജയശ്രീ നടത്തുന്ന യാത്ര 2006-ൽ പത്രങ്ങളുടെ മുൻപേജിൽ ഇടംനേടിയിരുന്നു. കാട്ടിലെ കുഞ്ഞുമക്കളെ പഠിപ്പിക്കാൻ ജയശ്രീ യാത്ര തുടങ്ങിയിട്ട് മുപ്പത്തൊന്നു വർഷമായി. ഇത്രയും കാലം ജോലി ചെയ്തതെല്ലാം ആദിവാസി കോളനികളിൽനിന്നുള്ള കുഞ്ഞുങ്ങൾക്കൊപ്പം മാത്രം.

1990 ഫെബ്രുവരി ഒന്നിനാണ് പെരുവമ്പാടം കൃഷ്ണനിവാസത്തിൽ ബാലകൃഷ്ണന്റെ ഭാര്യ ജയശ്രീ അങ്കണവാടി വർക്കറായി ജോലിയിൽ പ്രവേശിക്കുന്നത്. ആദ്യം ജോലിയിൽ പ്രവേശിച്ചത് പെരുവമ്പാടം കോളനിയിലെ അങ്കണവാടിയിലായിരുന്നു. ഒമ്പതു വർഷത്തെ സേവനത്തിനുശേഷം പന്തീരായിരം ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ അങ്കണവാടിയിലേക്കാണ്‌ പോയത്. 1999 മുതൽ 2007 വരെ വെറ്റിലക്കൊല്ലിയിൽ. വീട്ടിൽനിന്ന് അങ്ങോട്ടുമിങ്ങോട്ടുമായി 18 കിലോമീറ്റർ നടന്നാണ് അന്ന് യാത്ര. 18 കിലോമീറ്ററിൽ ഏഴ് കിലോമീറ്റർ കാട്ടാനകളുള്ള വനപാത. അതൊരു ഭീതിയുണർത്തുന്ന കാലമായിരുന്നു- ജയശ്രീ പറയുന്നു. പലപ്പോഴും കാട്ടാനയുടെ മുമ്പിലകപ്പെട്ടിട്ടുണ്ട്. ഭാഗ്യത്തിന് രക്ഷപ്പെട്ടു.

തുടർന്ന് ഇടിവണ്ണ നാലുസെന്റ് കോളനിയിലാണ് ജോലി ചെയ്തത്. 16 കുട്ടികളാണ് ഇവിടെയുള്ളത്. നാലുസെന്റ് കോളനിയിൽ നിർമിച്ച കെട്ടിടം നല്ലതാണെങ്കിലും കൂടുതൽ കുട്ടികൾ വരാൻ സാധ്യത കുറവാണ്.

പഴയതിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ അങ്കണവാടി വർക്കർമാരുടെ അവസ്ഥ. മുമ്പ് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക മാത്രമായിരുന്നു തൊഴിലെങ്കിൽ ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന സർവേകളെല്ലാം ചെയ്യുന്നത് അങ്കണവാടി വർക്കർമാരാണ്.

കൗമാരകുട്ടികളുടെ വിവരം, വിധവകൾ, വികലാംഗർ, വൃദ്ധർ, കുഞ്ഞുങ്ങളുടെ ആരോഗ്യം, തൂക്കം, ഗർഭിണികൾ, പാലൂട്ടുന്നവർ, ലഹരിവസ്തുക്കൾക്ക് അടിമയായവർ തുടങ്ങിയ കാര്യങ്ങളെല്ലാം സ്വന്തം ഫോണിൽ വേണം ചെയ്തുനൽകാൻ.

10 വർഷം ജോലി ചെയ്തവർക്കും 30 വർഷം ജോലി ചെയ്തവർക്കും ഒരേ ശമ്പളമാണ്. 2020-ൽ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച ശമ്പള ആനുകൂല്യം ഇപ്പോഴും ലഭിക്കുന്നില്ല.ഇത്രയും കാലം കോളനികളിലെ അങ്കണവാടികളിൽ പഠിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കരുതുന്നുവെന്ന് ജയശ്രീ പറഞ്ഞു. വേറിട്ടൊരനുഭവമാണത്.

ഐ.സി.ഡി.എസ്. നൽകിയ പിന്തുണയും കോളനിനിവാസികൾ നൽകിയ സ്‌നേഹവും മറക്കാനാവില്ല- ജയശ്രീ പറഞ്ഞു.

Content Highlights: anganwadi teacher jayashree, tribal children education, adivasi children education