കൊച്ചി: ട്രാൻസ് വനിതയായി ജീവിക്കാനാകില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷനൽകിയ അനീറ കബീർ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച തിരുവനന്തപുരത്തെ ഓഫീസിലെത്തിയാണ് മന്ത്രിയെ കണ്ടത്. അനീറ കബീറിന്റെ വിഷയം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി സംസാരിച്ചതായും നിലവിലെ താത്കാലിക അധ്യാപക ജോലിയിൽ തുടരാൻ സൗകര്യം ഒരുക്കിയതായും മന്ത്രി പറഞ്ഞു. മറ്റേതെങ്കിലും ജോലിയുടെ സാധ്യത തേടാമെന്നും സർക്കാരിന് സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്നും മന്ത്രി ഉറപ്പുനൽകി.

ബ്ലോക്ക് റിസോഴ്‌സ് കോ-ഓർഡിനേറ്ററായി അനീറയുടെ നാടായ പാലക്കാട്ടുതന്നെ ജോലി നൽകാനും ശ്രമംനടക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡറായതിനാൽ വിവിധ സർക്കാർ സ്കൂളുകളിൽ അഭിമുഖത്തിന് എത്തിയപ്പോൾ അനുഭവിച്ച അവഗണനയും അധിക്ഷേപങ്ങളും അനീറ മന്ത്രിയെ ധരിപ്പിച്ചു. സഹോദരൻ അപകടത്തിൽ മരിച്ചതിനാൽ ആ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും തനിക്കാണെന്ന് അനീറ പറഞ്ഞു. പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്താക്കിയ അതേ സ്കൂളിലേക്ക് വീണ്ടും പോകുന്നതിൽ അനീറയ്ക്ക് താത്‌പര്യമില്ല.

സർക്കാർ ജോലികളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് സംവരണം ലഭ്യമാക്കാത്തത് അനീറ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ സർവീസിൽ സ്ഥിരംനിയമനം നൽകണമെന്ന അപേക്ഷയും അനീറ നൽകി.

പാലക്കാട്ടെ സർക്കാർ സ്കൂളിൽ ജൂനിയർ അധ്യാപിക തസ്തികയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ച അനീറയെ ട്രാൻസ് വനിതയായതിനാൽ മറ്റുള്ളവർ ബുദ്ധിമുട്ടിക്കുകയും ഇവിടെനിന്ന് പുറത്താക്കുകയുമായിരുന്നു. ചൊവ്വാഴ്ചത്തെ ‘മാതൃഭൂമി’യിൽ ഇതുസംബന്ധിച്ചു വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി, മുൻ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി എന്നിവർ ഫോണിൽ വിളിച്ച് അനീറയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

Content highlights: aneera kabeer transwomen visited education minister v sivankutty