കൊച്ചി: ട്രാൻസ് വനിതയായി ജീവിക്കാനാകില്ലെന്ന് വ്യക്തമാക്കി ദയാവധത്തിന് അപേക്ഷ നൽകിയ അനീറാ കബീർ സമഗ്രശിക്ഷ കേരളയുടെ ഒറ്റപ്പാലം ബ്ലോക്ക്‌ റിസോഴ്സ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്ററായി വ്യാഴാഴ്ചമുതലാണ് ജോലിയിൽ പ്രവേശിച്ചത്. താത്കാലിക വേതന അടിസ്ഥാനത്തിലാണ് നിയമനം. അനീറ നിലവിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് ഒറ്റപ്പാലം ബ്ലോക്ക്‌ റിസോഴ്സ് സെന്റർ ഓഫീസ്.

റിസോഴ്സ് സെന്ററിലെ സഹപ്രവർത്തകർ പുതുതായി ജോലിക്ക് എത്തിയ തന്നെ സ്നേഹപൂർവം സ്വീകരിച്ചെന്നും അതിൽ സന്തോഷമുണ്ടെന്നും അനീറ പറഞ്ഞു. മുമ്പ് തന്നെ ട്രാൻസ്ജെൻഡർ ആയതിനാൽ എല്ലായിടത്തും വേർതിരിച്ചുകാണുകയായിരുന്നു.

എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന മാറ്റം എന്റേതുപോലെ ജോലിതേടി അലയുന്ന എല്ലാ ട്രാൻസ്ജെൻഡർ ഉദ്യോഗാർഥികൾക്കും ഊർജം നൽകുന്നതാണ്‌. കൃത്യമായി ഇടപെടൽ നടത്തിയ മന്ത്രി വി. ശിവൻകുട്ടിയോട് താൻ എക്കാലവും കടപ്പെട്ടിരിക്കുന്നെന്നും അനീറ പറഞ്ഞു. ട്രാൻസ് വനിതയായി ജോലിചെയ്ത് സമൂഹത്തിൽ ജീവിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ദയാവധത്തിന് അപേക്ഷയുമായി എത്തിയ അനീറയുടെ വാർത്ത ചൊവ്വാഴ്ചയാണ് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചത്. വാർത്ത കണ്ട മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ ഇടപെടുകയായിരുന്നു.