കൊച്ചി: ട്രാൻസ് വനിതയെന്ന പേരിൽ വേർതിരിച്ച് നിർത്തില്ല, കളിയാക്കില്ല, അപമാനിക്കുകയുമില്ല. പുറത്താക്കിയ അതേ തസ്തികയിൽത്തന്നെ അടുത്തദിവസം മുതൽ അനീറയ്ക്ക് ജോലിചെയ്യാം. അനീറ കബീറിനെ ജോലിയിൽനിന്ന് പറഞ്ഞുവിട്ട അതേ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികതന്നെ ഫോണിൽ വിളിച്ച് ജോലിക്ക് വരണമെന്ന് അഭ്യർഥിച്ചു.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലാണ് അവർക്ക് തുണയായത്. ട്രാൻസ് വനിതയായി ജീവിക്കാൻ കഴിയാത്തതുമൂലം ദയാവധത്തിന് അപേക്ഷ നൽകിയ അനീറയെ കുറിച്ചുള്ള വാർത്ത മാതൃഭൂമിയിൽ കണ്ട് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് കർശന നിർദേശം നൽക്കുകയായിരുന്നു.

മന്ത്രി ഫോണിൽ അനീറയോട് സംസാരിച്ചു. ദയനീയ സ്ഥിതി തിരിച്ചറിഞ്ഞു. തന്നെ നേരിൽ വന്ന് കാണാനും വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി ഒരു ജോലിയെന്നതും മന്ത്രിയുടെ പരിഗണനയിലുണ്ട്. മുമ്പ് ജോലിചെയ്തിരുന്ന പാലക്കാട്ടെ സർക്കാർ സ്കൂളിലെ സോഷ്യോളജി ജൂനിയർ അധ്യാപികയുടെ താത്കാലിക ഒഴിവിലേക്കുതന്നെയാണ് വീണ്ടും ക്ഷണിച്ചിരിക്കുന്നത്. വാഹനാപകടത്തിൽ മരിച്ച സഹോദരന്റെ മൂന്ന് മക്കളെയും നോക്കുന്നത് അനീറയാണ്. സഹോദരന്റെ ഭാര്യ തളർവാതം വന്ന് കിടപ്പാണ്.

Content highlights: aneera can teach the same school with trans identity