കൊറോണയെ പ്രധിരോധിക്കാന്‍ ഓഫീസ് പരിസരത്ത് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഇരുമ്പുദണ്ഡുകൊണ്ട് ക്രൂരമര്‍ദനം. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓഫീസിനകത്ത് മാസ്‌ക് ധരിക്കണം എന്ന് കീഴുദ്യോഗസ്ഥ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഭാസ്‌കര്‍ എന്നയാളാണ് ഭിന്നശേഷിക്കാരി കൂടിയായ യുവതിയെ ക്രൂരമായി മര്‍ദിച്ചത്.

നെല്ലൂര്‍ ജില്ലയിലെ ടൂറിസം ഹോട്ടല്‍ ഓഫീസിലാണ് സംഭവം അരങ്ങേറിയത്. മാസ്‌ക് ധരിക്കാനാവശ്യപ്പെട്ട ഉഷാറാണി എന്ന യുവതിക്കു നേരെ ഡെപ്യൂട്ടി മാനേജറായ ഭാസ്‌കര്‍ ആക്രോശത്തോടെ ഓടിയടുക്കുന്നതും തലമുടിയില്‍ വലിച്ചിഴച്ച് ഇരുമ്പുദണ്ഡ് കൊണ്ടു മര്‍ദിക്കുന്നതും കാണാം. സഹപ്രവര്‍ത്തകര്‍ ഭാസ്‌കറിനെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. 

ശനിയാഴ്ച്ച നടന്ന സംഭവം പുറത്തറിയുന്നത് ചൊവ്വാഴ്ച്ച യുവതി പരാതിയുമായി പോലീസിനെ സമീപിച്ചപ്പോഴാണ്. ഐപിസി സെക്ഷന്‍ 354,355, 322 പ്രകാരം ഭാസ്‌കറിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.  

ഭാസ്‌കറിനെ അറസ്റ്റ് ചെയ്ത വിവരം നെല്ലൂര്‍ പോലീസ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള യാതൊരു അക്രമണങ്ങളും അനുവദിക്കില്ലെന്നും സ്ത്രീസുരക്ഷയാണ് പ്രധാനമെന്നും ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Andhra Pradesh Man Assaults Female Colleague With Iron Rod Allegedly For Asking Him To Wear A Mask