പൊന്നാനി: ഗാര്‍ഹികപീഡനത്തില്‍നിന്ന് വനിതകളെ സംരക്ഷിക്കാന്‍ നൂതനപദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. തപാല്‍വകുപ്പുമായി ചേര്‍ന്ന് 'രക്ഷാദൂത്' എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം.

അടുത്തുള്ള പോസ്റ്റ്ഓഫീസിലെത്തി 'തപാല്‍' എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ്മാസ്റ്റര്‍/പോസ്റ്റ്മിസ്ട്രസിന്റെ സഹായത്തോടുകൂടി പിന്‍കോഡ് സഹിതമുള്ള സ്വന്തം മേല്‍വിലാസമെഴുതിയ പേപ്പര്‍ ലെറ്റര്‍ബോക്സില്‍ നിക്ഷേപിക്കാം.

പീഡനമനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ഇതു ചെയ്യാവുന്നതാണ്. വെള്ളപേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസമെഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനുപുറത്ത് 'തപാല്‍' എന്ന് രേഖപ്പെടുത്തണം. സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസമെഴുതിയ പേപ്പറുകള്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരേയുള്ള പരാതികള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതുകൊണ്ടുതന്നെ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല.

സര്‍ക്കിള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Content Highlights: an innovative scheme to protect women from domestic violence