പിറവം: കോവിഡ് പ്രതിസന്ധികള്‍ തുടരുമ്പോഴും, വിധവകളായ, പ്രായമായ, നിര്‍ധനരും നിസ്സഹായരും രോഗികളുമായ അമ്മമാരെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്ന 'അമ്മയോടൊപ്പം' പരിപാടി രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ഇക്കുറിയും മുടക്കിയില്ല.

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ഭാടവും തിരക്കും ഒഴിവാക്കിയാണ് പിറവത്തെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം തുടര്‍ച്ചയായി പത്താംവര്‍ഷവും പരിപാടി നടത്തിയത്.

ബെന്നി ബഹനാന്‍ എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷനായി. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ സാബു കെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പിറവം അറ്റ്ലാന്റിക് കോളേജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് പൂഞ്ചോലത്ത്, ക്ഷേത്രവാദ്യ കലാകാരന്‍ പാഴൂര്‍ ഉണ്ണിചന്ദ്രന്‍, മുടിയേറ്റ് കലാകാരി ഡോ. ബിന്ദു പാഴൂര്‍ എന്നിവരെയും, ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത പിറവം സ്വദേശികളായ വിമുക്ത ഭടന്മാരേയും ചടങ്ങില്‍ ആദരിച്ചു.

ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, കെ.പി.സി.സി. സെക്രട്ടറിമാരായ ജയ്സണ്‍ ജോസഫ്, ഐ.കെ. രാജു, റീസ് പുത്തന്‍വീട്ടില്‍, വേണു മുളന്തുരുത്തി, റോട്ടറി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എ.സി. പീറ്റര്‍, ഷാജു ഇലഞ്ഞിമറ്റം, ബോബി അച്യുതന്‍, തമ്പി പുതുവാക്കുന്നേല്‍, എം.ടി. പൗലോസ്, കുര്യന്‍ പുളിക്കല്‍, രവി ശ്രാമടത്തില്‍, എന്നിവരും നഗരസഭാ കൗണ്‍സിലര്‍മാരും പങ്കെടുത്തു.

പിറവം കമ്പാനിയന്‍സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇക്കുറി അഞ്ഞൂറോളം അമ്മമാരെയാണ് രണ്ടുഘട്ടങ്ങളിലായി ആദരിച്ചത്. പരിപാടിക്ക് തുടക്കമിട്ട 2013 മുതല്‍ ഇതില്‍ പങ്കെടുത്തുവരുന്ന നാമക്കുഴിയില്‍ നിന്നുള്ള 106 വയസ്സുള്ള മറിയാമ്മ ഏലിയാസടക്കമുള്ള അമ്മമാരാണ് കമ്പാനിയന്‍സ് ക്ലബ്ബ് ഹാളിലെത്തിയത്. നൂറ്് അമ്മമാര്‍ക്ക് സമ്മാനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കി.

അരിയും നാഗാര്‍ജുനയുടെ ആയുര്‍വേദ മെഡിക്കല്‍ കിറ്റും, പുതുവസ്ത്രങ്ങളും, മാസ്‌കും, സാമ്പത്തിക സഹായവുമാണ് നല്‍കിയത്.

യു.എസിലെ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഭാരവാഹിയായ ബേബി മണക്കുന്നേല്‍, ഒമാനിലെ പിറവം എന്‍.ആര്‍.ഐ. അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് ചെയര്‍മാന്‍ സാബു കെ. ജേക്കബ് അറിയിച്ചു.

Content highlights: ammayodoppam programme by rajive gandhi cultural forum piravam