ബാലുശ്ശേരി: ഉപേക്ഷിക്കപ്പെടുന്ന നവജാതശിശുക്കളെ ഏറ്റുവാങ്ങാൻ കോഴിക്കോട്ടും അമ്മത്തൊട്ടിലൊരുങ്ങുന്നു. സാങ്കേതികാനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതി എത്രയുംവേഗം പൂർത്തിയാക്കാൻ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ജില്ലാ വനിത-ശിശു വികസന ഓഫീസർക്ക് നിർദേശം നൽകി. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ ഇപ്പോൾ അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

കോഴിക്കോട് ബീച്ചാശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇലക്‌ട്രോണിക് അമ്മത്തൊട്ടിൽ സ്ഥാപിക്കുന്നത്. മുൻ എം.എൽ.എ. എ. പ്രദീപ് കുമാറിന്റെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 20,33,000 രൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. തൊട്ടിൽ സ്ഥാപിക്കാനായി പാലക്കാട്ടുള്ള കെ.എസ്.ഐ.ഇ.യുമായി കരാർ ഒപ്പുവെക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബീച്ചാശുപത്രി വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ഹൈടെക് സൗകര്യങ്ങളോടെയുള്ള തൊട്ടിലാണ് വരുന്നത്. ഉപേക്ഷിക്കാനെത്തുന്ന അമ്മമാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നരീതിയിൽ സ്ഥാപിക്കുന്ന തൊട്ടിൽ കുഞ്ഞിനും അതിസുരക്ഷയൊരുക്കുമെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി വി.ടി. സുരേഷ് പറഞ്ഞു.

കുഞ്ഞുമായെത്തുന്ന അമ്മയ്ക്കുമുന്നിൽ വാതിൽ തുറക്കുന്നതിനുമുമ്പ്‌ ‘സ്വന്തം കുഞ്ഞിന് ലോകത്ത് നിങ്ങളെപ്പോലെ ആരും അമ്മയാകില്ല’ എന്ന ശബ്ദസന്ദേശം ലഭിക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻതന്നെ നിശ്ചയിക്കുകയാണെങ്കിൽ വാതിൽ തുറക്കും. കുട്ടിയെ തൊട്ടിലിൽ കിടത്തുന്നതോടെ ഡ്യൂട്ടിയിലുള്ള നഴ്‌സിനും ജില്ലാശിശുക്ഷേമസമിതി പ്രസിഡന്റായ കളക്ടർക്കും ശിശുക്ഷേമസമിതി സെക്രട്ടറിക്കും അറിയിപ്പ് ലഭിക്കും.

തുടർന്ന് അടയുന്ന വാതിൽ ഉള്ളിൽ ഡ്യൂട്ടിയിലുള്ള നഴ്‌സിനുമാത്രമേ തുറക്കാനാവൂ. കുഞ്ഞിനെ ഏൽപ്പിച്ചുമടങ്ങുന്ന അമ്മമാർക്ക് നിങ്ങൾ സുരക്ഷിതയാണെന്ന സന്ദേശവും കേൾക്കാനാവും.

Content Highlights: ammathottil, ammathottil in kozhikode, abandoned infant, abandoned infant protection