നിസ്വാര്‍ഥ സ്‌നേഹത്തിന്റെ പ്രതീകമാണ് അമ്മ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്‌നേഹിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍. അമ്മമാരെക്കുറിച്ച് എത്രപറഞ്ഞാലും മതിവരില്ല. ബോളിവുഡ് താരം അമിതാഭ് ബച്ചനും അമ്മ തേജി ബച്ചനെക്കുറിച്ചു പറയുമ്പോള്‍ നൂറു നാവാണ്. ഇപ്പോള്‍ അമ്മയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ബച്ചന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഹൃദയം കവരുന്നത്. ലോകത്തിലെ ഏറ്റവും മനോഹരിയായ അമ്മ എന്നാണ് തന്റെ അമ്മയെക്കുറിച്ച് ബിഗ്ബി പറയുന്നത്. 

''അമ്മയുടെ ചരമ വാര്‍ഷികമാണ്, ആഗസ്റ്റ് 12. തോല്‍വിയേല്‍ക്കേണ്ടി വരുമ്പോള്‍ അവള്‍ ആശ്വസിപ്പിക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്യും. വിജയം കൈവരിക്കുമ്പോള്‍ ആനന്ദക്കണ്ണീര്‍ പൊഴിച്ചു. അവസാനദിവസം വരെ ഞാന്‍ ഭക്ഷണം കഴിച്ചുവോ എന്നറിയാന്‍ നിര്‍ബന്ധം പിടിക്കുമായിരുന്നു. പുറത്തേക്കു പോകുമ്പോള്‍ വൈകരുതെന്ന് ഉപദേശിച്ചു. അപ്പോഴേക്കുമൊക്കെ എനിക്കു പേരക്കുട്ടികള്‍ ആയിരുന്നു. പക്ഷേ അതാണ് അമ്മ.''- ബച്ചന്‍ കുറിക്കുന്നു.

സിനിമയെക്കുറിച്ചുള്ള പ്രണയം തന്നില്‍ നിറച്ചത് അമ്മയാണെന്നും അമിതാഭ് ബച്ചന്‍ പറയുന്നു. ''നാടക മേഖലയിലേക്കും സിനിമയിലേക്കും സംഗീതത്തിലേക്കുമൊക്കെ എന്നെ അഭിസംബോധന ചെയ്തത് അമ്മയാണ്. ഡ്രൈവ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ്. ഒരാളെയും കാറിലിരുത്തി കോഫി കുടിക്കാനോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പോകാനോ രാഷ്ട്രപതി ഭവനില്‍ റിപ്പബ്ലിക് ദിനത്തില്‍ തെളിച്ച ലൈറ്റുകള്‍ കാണാന്‍ പോകാനോ ഉള്ള ഇവസരങ്ങള്‍ ഒഴിവാക്കാറില്ല. ചിരിയും പാട്ടും  സന്തോഷവുമായാണ് എപ്പോഴും കാണാന്‍ കഴിയുക, എന്നാല്‍ തന്‌റെ മക്കളെ തൊട്ടുകളിച്ചാല്‍ കരയിപ്പിച്ചേ അടങ്ങൂ.''

അച്ഛനു വേണ്ടി എല്ലാം ത്യജിച്ചവളാണ് അമ്മയെന്നും ബച്ചന്‍ പറയുന്നു. അമ്മയുടെ ഫാഷനും സൗന്ദര്യ സങ്കല്‍പവുമൊക്കെ താരതമ്യപ്പെടുത്താന്‍ പോലും കഴിയില്ല. സ്‌കൂള്‍ കായികമേളയില്‍ താനും അനുജനും മെഡലുകള്‍ വാങ്ങിക്കൂട്ടിയതിന്റെ ചിത്രങ്ങളാല്‍ നിറഞ്ഞിരുന്നു അമ്മയുടെ ബെഡ്‌റൂം. എന്നാല്‍ ഇന്ന് ആ കപ്പുകളും ചിത്രങ്ങളുമൊന്നും കാണാനില്ല. ദാനശീലയായിരുന്നു അമ്മ. അമ്മയുടെ ഓര്‍മകള്‍ മാത്രമാണ് ഇന്നു തനിക്കൊപ്പമുള്ളത്, എന്നാല്‍ അതു മറ്റെന്തിനേക്കാളും വലുതാണ്- ബച്ചന്‍ പറഞ്ഞു. 

Content Highlights: amitabh bachchan touching note on mother teji bachchan