ഇരിങ്ങാലക്കുട: ഇസ്തിരിപ്പെട്ടിക്കുള്ളിലെ ചിരട്ടക്കനലുപോലൊന്ന് അമ്പിളിയുടെ മനസ്സിലുമുണ്ടായിരുന്നു. ആ കനലിനെ കെടുത്തുംവിധമുണ്ടായ പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ട് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ അവര്‍ നേടിയത് ഡോക്ടറേറ്റ് തിളക്കം.

കാരുകുളങ്ങര മാള്യേക്കപ്പറമ്പില്‍ അമ്പിളി ജീവിതത്തില്‍ ആദ്യ വെല്ലുവിളി നേരിടുന്നത് പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്. അച്ഛന്‍ വിജയന്റെ വേര്‍പാട് ആ പെണ്‍കുട്ടിയെ തളര്‍ത്തി. അധികം വൈകാതെ വിവാഹിതയായി. എന്നാല്‍ പിന്നാലെ വന്ന വെല്ലുവിളികളെ നേരിട്ട്, അച്ഛന്റെ ഇസ്തിരിയിടല്‍ തൊഴിലായി സ്വീകരിച്ച് അമ്മയോടൊപ്പം മുന്നേറാന്‍ അമ്പിളി തീരുമാനിച്ചു. അതിനിടെ രാത്രിയിലിരുന്ന് പഠിച്ചു. മകള്‍ക്ക് പിന്തുണയുമായി അമ്മ ശാന്ത ഒപ്പംനിന്നു. വിദൂരവിദ്യാഭ്യാസം വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബി.എ.യും എം.എ.യും പാസായി. സെറ്റും എഴുതിയെടുത്തു. അടുത്തതെന്ത് എന്ന് ചിന്തിക്കുമ്പോഴേക്കും ഇരിങ്ങാലക്കുട ക്രൈസ്റ്റ് സെല്‍ഫ് ഫിനാന്‍സിങ് കോളേജില്‍ മലയാളം ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചു. അവിടത്തെ അധ്യാപകരാണ് ഗവേഷണത്തിന്റെ ലോകം പരിചയപ്പെടുത്തിയത്. മലയാള ചെറുകഥകളിലെ കുടുംബസങ്കല്‍പ്പത്തെ മുന്‍നിര്‍ത്തിയുള്ള പഠനം ആയിരുന്നു പിഎച്ച്.ഡി. വിഷയം.

അധ്യാപകരും സുഹൃത്തുക്കളും വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ തരുന്നവരും നന്നായി പ്രോത്സാഹിപ്പിച്ചു; ഒപ്പം വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചു -അമ്പിളി പറയുന്നു. എന്റെ തൊഴിലിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. ഇത്രയും കാലം ഞങ്ങളുടെ ജീവിതം നിലനിന്നത് ഇസ്തിരിപ്പെട്ടിയുടെ ചൂടേറ്റാണ്. പരാജയങ്ങള്‍ക്കിടയില്‍പ്പെട്ടുകിടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലേക്ക് തിരിഞ്ഞുനോക്കാന്‍ നിന്നാല്‍ ഇന്നും നാളേയും നഷ്ടപ്പെടും. ഇനി പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യണമെന്നുണ്ട് -അമ്പിളിയുടെ മുഖത്ത് വിജയിയുടെ ചിരി.

Content highlights: ambili got doctorate at 41 who did job as ironing