ഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് ചരക്കു ട്രെയിന്‍ ഓടിച്ച സ്ത്രീകള്‍ മാത്രമുള്ള സംഘത്തെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് വനിതാ സംഘം ചരക്കുട്രെയിന്‍ ഓടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. പശ്ചിമ റെയില്‍വേയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പങ്കുവച്ചത്. മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനില്‍നിന്ന് ഗുജറാത്തിലെ വഡോദരയിലേക്കായിരുന്നു ട്രെയിന്‍.

കുംകും ഡോംഗ്രെ, ഉദിത് വര്‍മ, അകന്‍ഷാ റായ് എന്നിവര്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഏതു വിഷമം പിടിച്ച് ജോലിയും സ്ത്രീകള്‍ക്കും ചെയ്യാമെന്നാണ് ഈ സംഭവം തെളിയിച്ചിരിക്കുന്നതെന്ന് പശ്ചിമ റെയില്‍വേ ട്വിറ്ററില്‍ കുറിക്കുന്നു. സമൂഹത്തില്‍ നിലനിന്നു പോകുന്ന മറ്റൊരു വിശ്വാസത്തെ കൂടി ഞങ്ങള്‍ പൊളിച്ചെഴുതിയിരിക്കുന്നു എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷന്‍. 

ശാക്തീകരണത്തിന്റെ മറ്റൊരു മാതൃകയാണ് ഈ വനിതകള്‍ എന്നാണ് വനിതാ സംഘത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് മന്ത്രി പീയുഷ്  ഗോയല്‍ എഴുതിയത്. നിരവധിപേരാണ് പോസ്റ്റിനു കീഴെ ലൈക്കുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ അഭിമാന നിമിഷമെന്നാണ് ചിലരുടെ കമന്റ്. ധാരാളം പേര്‍ സ്ത്രീസംഘത്തെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Content Highlights: All-women crew runs goods train from Vasai Road to Vadodara