സാൻഫ്രാൻസികോയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനമായിരുന്നില്ല ഇത്. എന്നാൽ, കേരള എന്നു പേരിട്ട എയർ ഇന്ത്യയുടെ ബോയിങ് 777 200 ലോങ് റേഞ്ച് വിമാനം ബെഗളൂരു നഗരം ലക്ഷ്യമിട്ട് സാൻഫ്രാൻസിസ്കോ വിമാത്താവളത്തിൽ നിന്ന് മുപ്പതിനായിരം അടി ഉയരത്തിലേയ്ക്ക് പറന്നുയർന്നപ്പോൾ ചരിത്രത്തിൽ കുറിക്കപ്പെട്ടത് രണ്ട് സുവർണ അധ്യായങ്ങൾ. എയർ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ആദ്യത്തെ സർവീസ് എന്നു മാത്രമായിരുന്നില്ല 'കേരള'യുടെ സവിശേഷത. 

വിമാനത്തെ ഉയരേ പറത്തിയത് നാലു വനിതാ ക്യാപ്റ്റന്മായിരുന്നു. സോയ അഗർവാൾ, പാപാഗിരി തൻമയി, അകാക്ഷ സോനവാരെ, ശിവാനി മാനസ്. വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ എന്ന ഖ്യാതി കൂടിയുണ്ട് ഇവർക്ക്. പതിനാലായിരം കിലോമീറ്റർ ദൈർഘ്യംവരുന്ന ചരിത്രം കുറിച്ച യാത്രയിൽ ഇവർക്ക് കൂട്ടായി വിമാനത്തിൽ എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി എക്സിക്യുട്ടീവ് ഡയറക്ടർ നിവേദിത ഭാസിനുമുണ്ടായിരുന്നു.

air india
എയർ ഇന്ത്യ വിമാനം സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ

അടിമുടി അണിഞ്ഞൊരുങ്ങി വലിയ ആഘോഷത്തോടെയാണ് സാൻഫ്രാൻസിസ്കോ വിമാനത്താവളം ഈ സർവീസിന് യാത്രയേകിയത്.

നമ്മുടെ സ്ത്രീശക്തി ചരിത്രം കുറിച്ചുവെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്.

Content Highlights: Air India Flown All women pilots San Francisco-Bengaluru