യന്ത്രപ്പക്ഷിക്ക് ഒരു മനസ്സുണ്ടായിരുന്നെങ്കില്‍ അതിന്റെ ഇരമ്പത്തിന് ഒരു താരാട്ടിന്റെ ഈണമുണ്ടാകുമായിരുന്നു. റിയാദില്‍നിന്ന് വെള്ളിയാഴ്ച കരിപ്പൂരില്‍ പറന്നിറങ്ങിയ എ.ഐ. 922 വിമാനത്തിന് അമ്മമനസ്സായിരുന്നു. 152 യാത്രികരില്‍ 84 പേരും ഗര്‍ഭിണികള്‍. കൂടാതെ 22 കുട്ടികളും അവരുടെ അമ്മമാരും. അത്രയേറെ കരുതലോടെയായിരുന്നു രണ്ടാംഘട്ട വരവ്. എല്ലാവര്‍ക്കും പ്രത്യേക ആരോഗ്യപരിശോധനയുണ്ടായി. കഴിഞ്ഞദിവസം കൊച്ചിയിലിലെത്തിയ വിമാനത്തില്‍ 49 ഗര്‍ഭിണികളും കോഴിക്കോട്ടെത്തിയ വിമാനത്തില്‍ 19 ഗര്‍ഭിണികളുമുണ്ടായിരുന്നു. 

ഇവരെയെല്ലാം കോവിഡ് സെന്ററിലെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. ഏറെ ശ്രദ്ധയോടെയാണ് ഗര്‍ഭിണികളെയും അമ്മമാരെയും ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുംവരെ പരിചരിച്ചത്. എവിടെയും ക്യൂ നിര്‍ത്താതെ പ്രത്യേക പരിഗണന നല്‍കി. വിമാനത്തില്‍ ഓരോസീറ്റിലും ലഘുഭക്ഷണം, വെള്ളം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുണ്ടായിരുന്നുവെന്ന് വ്യാഴാഴ്ചത്തെ യാത്രികയായ ആലങ്കോട് എവറാംകുന്ന് കുന്നിലവളവില്‍ ഇര്‍ഷാദിന്റെ ഭാര്യ ഹന്നത്ത് 'മാതൃഭൂമി'യോട് പറഞ്ഞു. ഗര്‍ഭിണിയായ ഹന്നത്തിനൊപ്പം ഒന്നരവയസ്സുള്ള മകനുമുണ്ടായിരുന്നു. 

ഘട്ടംഘട്ടമായാണ് വിമാനത്തില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കിയത്. തെര്‍മല്‍ സ്‌കാനറിലെ പരിശോധനയ്ക്കുശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ക്ലാസുണ്ടായി. വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘത്തില്‍ ഗൈനക്കോളജിസ്റ്റിനോടൊപ്പം പ്രത്യേകം പരിശീലനംലഭിച്ച നഴ്സുമാരുമുണ്ടായിരുന്നു. വിമാനയാത്രയിലോ പിന്നീടോ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നും വീട്ടിലേക്കുള്ള യാത്രയില്‍ ആവശ്യമുള്ള ഭക്ഷണവും നല്‍കിയാണ് യാത്രയാക്കിയതെന്നും ഹന്നത്ത് പറഞ്ഞു.

Content Highlights: AI team flew from Riyadh to Karipur on Friday with the 152 passengers, 84 were pregnant