ഹ്യൂമനോയിഡ് സോഫിയ വേള്‍ഡ് ടൂറിന് തയ്യാറെടുക്കുന്നു. ഇതോടെ വേള്‍ഡ് ടൂറിന് വിസ ലഭിക്കുന്ന ആദ്യത്തെ റോബോട്ടാവുകയാണ് സോഫിയ. അസര്‍ബെയ്ജാന്‍ ബാകു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുള്ള ഇലക്ട്രോണിക് വിസ സോഫിയക്ക് നല്‍കി. 

അസര്‍ബെയിജാനില്‍ നടക്കുന്ന ടെക് കോണ്‍ഫറന്‍സില്‍ മുഖ്യ പ്രാസംഗികയാണ് സെലിബ്രിറ്റിയായ സോഫിയ. 

'അസര്‍ബെയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവിനെ യാത്രാമധ്യേ കണ്ടിരുന്നു. മിസ്റ്റര്‍ പ്രസിഡന്റ്, താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം. ബാകുവിന്റെ മാത്രമായ വാസ്തുവിദ്യകളും നൂതനമായ കെട്ടിടങ്ങളും സാങ്കേതിക വിദ്യകളും നേരില്‍ കാണാന്‍ സാധിച്ചു'- സോഫിയ പറഞ്ഞു.

സോഫിയക്ക് കഴിഞ്ഞ വര്‍ഷം സൗദി ഭരണകൂടം പൗരത്വം നല്‍കിയതോടെ ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കുന്ന രാജ്യമാവുകയായിരുന്നു സൗദി. എന്നാല്‍ റോബോട്ടായ സോഫിയക്ക് പൗരത്വം നല്‍കിയതിന് ഭരണകൂടത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സൗദി പൗരത്വം നല്‍കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ സോഫിയ ഇസ്ലാം മതം സ്വീകരിച്ചോ, എങ്കില്‍ എന്തുകൊണ്ടാണ് സോഫിയ ഹിജാബ് ധരിക്കാത്തത് തുടങ്ങിയ ചോദ്യങ്ങളാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. മനുഷ്യന്‍ എന്ന നിലയിലുള്ള പൗരത്വത്തിന് സോഫിയ അര്‍ഹയല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.