ചെറുതോണി: ആകെയുണ്ടായിരുന്ന കൊച്ചുകൂര പ്രളയത്തില്‍ നിലംപൊത്തി. ഉറ്റവരും ഉടയവരും സഹായത്തിനില്ലാത്ത ഈ അമ്മ തെരുവില്‍ നില്‍ക്കുകയാണ്. സുമനസ്സുകള്‍ വെച്ചുനീട്ടുന്ന കുറച്ച് അന്നം മാത്രമാണ് ഏക ആശ്രയം.

ഉപ്പുതോട് ഒരപ്പുരയ്ക്കല്‍ ഭാരതിയമ്മ(75)യ്ക്കാണ് ഈ ദുര്‍വിധി. അരനൂറ്റാണ്ടിന് മുമ്പ് ഉപ്പുതോടിലെത്തിയവരാണിവര്‍. ഭര്‍ത്താവ് വേലായുധന്‍ മരിച്ചപ്പോള്‍ തളര്‍ന്നുപോയെങ്കിലും ഭാരതിയമ്മ അതിനെ അതിജീവിച്ചു. കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചു. ഉപ്പുതോടുള്ള 10 സെന്റ് സ്ഥലത്ത് ഷീറ്റ് വെച്ച് മറച്ച കൂരയില്‍ അന്തിയുറങ്ങി.

എന്നാല്‍ നാടിനെ തകര്‍ത്ത പ്രളയം ഈ അമ്മയുടെ കൊച്ചുകൂരയേയും വെറുതേവിട്ടില്ല. മേല്‍ക്കൂര മുഴുവന്‍ പേമാരി കൊണ്ടുപോയി. ഭിത്തിയും തകര്‍ന്നു. ഇപ്പോള്‍ കടത്തിണ്ണയിലും അയല്‍വീടുകളിലുമാണ് അന്തിയുറങ്ങുന്നത്. അവര്‍ ആഹാരം നല്‍കുന്നതുകൊണ്ട് ജീവന്‍ നിലനില്‍ക്കുന്നു. 

പണിയെടുക്കാനും ആരോഗ്യമില്ല. ഭാരതിയമ്മയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോയില്ല. അതുകൊണ്ട് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നുമില്ല. തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ ഈ അമ്മയ്ക്ക് കഴിവില്ല. തന്റെ 10 സെന്റ് സ്ഥലത്ത് അധികൃതര്‍ കെട്ടുറപ്പുള്ള ഒരുവീട് വെച്ചു നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

after kerala flood