വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുക്കുമ്പോള്‍ അഫ്ഗാന്‍ ജനതയും ലോകരാജ്യങ്ങളും ഏറ്റവും ഭയപ്പെട്ടിരുന്നത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമായിരുന്നു. സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നെങ്കിലും ഭരണമേറ്റെടുത്തതിനുശേഷം ഒട്ടേറെ സ്ത്രീകളെ കൊലപ്പെടുത്തിയ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.  അതിനാല്‍, അടച്ചുകെട്ടി വീടിനുള്ളില്‍ തന്നെ കഴിയുകയാണ് അവിടെയുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും. 

എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി താലിബാനില്‍നിന്നുള്ള നിരന്തര ഭീഷണികള്‍ക്കു മുന്നിലും പതറാതെ സ്ത്രീകള്‍ക്കുള്ള ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് 32-കാരിയായ മൊഹദീസ എന്ന യുവതി. 

സ്ത്രീകള്‍ക്ക് ഒഴിവുസമയം വിനിയോഗിക്കാനും ആശ്വാസം തേടാനും തങ്ങളുടെ ദുഃഖങ്ങള്‍ പങ്കുവയ്ക്കാനുമായി ഇവിടെ എത്താം.
ഇവിടെയുള്ള സ്ത്രീകളായ തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്നതിനു പുറമെ ഉപഭോക്താക്കള്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍, എന്നാണ് ഈ ബ്യൂട്ടി സലൂണിന് പൂട്ടുവീഴുകയെന്ന് അറിയില്ലെന്ന ആശങ്ക മൊഹദീസ എ.എഫ്.പി.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. 

താലിബാനു മുന്നില്‍ മുട്ടുമടക്കാനും ജോലി നിര്‍ത്താനും ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ജോലി ചെയ്യുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. അഫ്ഗാന്‍ സമൂഹത്തില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. തങ്ങളുടെ കുടുംബങ്ങളുടെ പ്രധാനവരുമാനമാര്‍ഗമാണ് സ്ത്രീകള്‍-അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൊഹദീസയുടെ ബ്യൂട്ടിപാര്‍ലറിന്റെ മുന്‍വശത്ത് ഫാഷന്‍, ബ്യൂട്ടി ബ്രാന്‍ഡുകളുടെ പരസ്യം പതിച്ചിട്ടുണ്ടായിരുന്നു. ഇതൊക്കെ താലിബാന്‍ വെള്ള പെയിന്റ് അടിച്ച് മറച്ചിരിക്കുകയാണിപ്പോള്‍. വലിയ, കട്ടികൂടിയ കര്‍ട്ടന്‍ കൊണ്ട് മറച്ചാണ് ഇപ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്. 

മുമ്പ് 1996-ല്‍ അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സ്ത്രീകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമായിരുന്നു  ഏര്‍പ്പെടുത്തിയിരുന്നത്. ബ്യൂട്ടിപാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. വിരലുകളില്‍ ചായം പൂശിയാല്‍ വിരല്‍ മുറിച്ചു കളയും. 

മൊഹദീസയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍ വന്ന് താലിബാന്‍ അംഗം ചീത്തവിളിച്ചിരുന്നു. എന്നാല്‍, തന്റെ കടയിലെത്തുന്ന സ്ത്രീകള്‍ ധൈര്യവതികളാണെന്നും ഭയമുണ്ടെങ്കിലും ദിവസവും ജോലി ചെയ്യാന്‍ അവര്‍ എത്തുന്നുണ്ടെന്നും മൊഹദീസ പറഞ്ഞു. ഭയം വകവെക്കാതെ എല്ലാ ദിവസവും സലൂണ്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

മുപ്പതോളം സ്ത്രീകളാണ് തങ്ങള്‍ സലൂണിലെത്തിയപ്പോള്‍ വിവാഹത്തിനും മറ്റുമായി ഒരുങ്ങുന്നതിന് ഇവിടെ എത്തിയതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ടു ചെയ്തു.

Content highlights: afghanistan taliban takeover courageous womens beauty salon a bubble of freedom in talibans kabul