ജൂലായ് 13. വേനല്‍ച്ചൂട് പതിവിലും അധികമുണ്ട്. തെക്കന്‍ അഫ്ഗാനിസ്താന്‍ പ്രവിശ്യയായ ഗസ്നിയിലെ മലിസ്താന്‍ ജില്ലയിലെ ജനങ്ങള്‍ അന്നുണര്‍ന്നത് പ്രവിശ്യയ്ക്കു ചുറ്റിലും തമ്പടിച്ചിരുന്ന താലിബാന്‍ സേന ജില്ലയുടെ നിയന്ത്രണം പിടിച്ചെടു എന്ന ദുരന്ത വാര്‍ത്തിലേക്കാണ്. നേരം ഉച്ചയായപ്പോള്‍ ഖൂല്‍-ഇ-ആദം ഗ്രാമത്തില്‍ സംഘര്‍ഷം കടുത്തു. 22 കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ ഫാത്തിമ വെടിയുണ്ടകളില്‍നിന്ന് രക്ഷനേടാനുള്ള ഓട്ടത്തിലായിരുന്നു. ആ സന്ദര്‍ഭത്തെ അതിജീവിക്കുക മാത്രമായിരുന്നില്ല അവളുടെ മനസ്സില്‍, താലിബാന്‍ ക്രൂരതകളെക്കുറിച്ച് പറഞ്ഞുകേട്ട കഥകളുടെ നടുക്കമായിരുന്നു.

''ഗ്രാമത്തില്‍ കടന്ന അവര്‍ ഒരു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. അവള്‍ വീടിനുമുകളില്‍നിന്ന് ചാടി ജീവനൊടുക്കി''- ഫാത്തിമ പറയുന്നു. ഗ്രാമം താലിബാന്‍ പിടിച്ചെടുത്തതിന്റെ മൂന്നാംനാള്‍ കാബൂളിലേക്ക് രക്ഷപ്പെട്ടോടിയതാണ് ഫാത്തിമ. താലിബാന്‍ ആക്രമണം ഭയന്ന് കാബൂളിലേക്ക് പലായനം ചെയ്ത ദശലക്ഷക്കണക്കിന് ജനങ്ങളില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രാലയത്തിന്റെ കണക്ക്.

കുഞ്ഞായിരിക്കുമ്പോള്‍ താലിബാന്‍ ക്രൂരതകള്‍ നേരില്‍ കണ്ടതാണ് ഭാമിയാനില്‍നിന്നുള്ള 38-കാരി സിയാഗുള്‍. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും അതിക്രൂരമായി വേട്ടയാടുന്നതും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും നേരിട്ടു കണ്ടതാണ്.

Afgan
1927- ല്‍ അമാനുള്ള ഖാന്‍ രാജാവിന്റെ ഭരണകാലത്തെ അഫ്ഗാന്‍ സ്ത്രീകള്‍, 2021 ല്‍ താലിബാന്‍ ഭരണം പിടിച്ചടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്

സ്ത്രീസ്വാതന്ത്ര്യത്തിന്റെ നാളുകള്‍

ഭയപ്പാടില്ലാത്ത ഒരു കാലമുണ്ടായിരുന്നു അഫ്ഗാനിലെ സ്ത്രീകള്‍ക്ക്. മിനിസ്‌കര്‍ട്ടിടാനും സര്‍കലാശാലകളില്‍ ഉന്നതപഠനം നടത്താനും കഴിഞ്ഞിരുന്ന നാളുകള്‍. 1919-ല്‍ ബ്രിട്ടനില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയതിന് തൊട്ടടുത്ത വര്‍ഷം അഫ്ഗാന്‍ സ്ത്രീകളും വോട്ടവകാശം നേടിയിരുന്നു. 1950-ല്‍ രാജ്യത്ത് പര്‍ദ നിരോധിച്ചു. 1960-കളില്‍ പുതിയ ഭരണഘടന രാഷ്ടീയത്തിലും പൊതുവിടങ്ങളിലും സ്ത്രീ-പുരുഷ സമത്വം കൊണ്ടുവന്നു. എന്നാല്‍ 1970-കളിലെ സോവിയറ്റ് അധിനിവേശവും 80-കളിലെ മുജാഹിദ്ദിന്‍ വിഭാഗവും സര്‍ക്കാരുമായുള്ള സംഘര്‍ഷങ്ങളിലൂടെയും പിന്നീട് താലിബാന്‍ ഭരണത്തിലൂടെയും അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതും ജോലിചെയ്യുന്നതും താലിബാന്‍ എതിര്‍ത്തു. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നതും തൊലി പുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും പുരുഷ ഡോക്ടറുടെ അടുത്ത് ചികിത്സ തേടുന്നതും നിരോധിച്ചു. രാഷ്ട്രീയത്തിലിടപെടുന്നതും പൊതുവിടങ്ങളില്‍ സംസാരിക്കുന്നതും വിലക്കി. പുറം കാഴ്ചകളില്‍ നിന്ന് അവരുടെ ജനാലകള്‍ പോലും കൊട്ടിയടയ്ക്കപ്പെട്ടു.

മുന്നേറ്റത്തിന്റെ നാളുകള്‍

രണ്ടുപതിറ്റാണ്ടിന്റെ യു.എസ്. ഇടപെടല്‍ അവരുടെ ജീവിതത്തില്‍ ചെറുതല്ലാത്ത മാറ്റംകൊണ്ടുവന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായ് യു.എസ്. ചെലവിട്ടത് 78 കോടി യു.എസ്. ഡോളറാണ്. സ്‌കൂളില്‍ 40 ശതമാനം ഇന്ന് പെണ്‍കുട്ടികളാണ്. സ്ത്രീകളിന്ന് സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗമാണ്, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പാട്ടുകാരും ഒളിമ്പിക്‌സിലും പങ്കെടുത്തവരുമുണ്ട്. 1990-ല്‍ നാലുപേര്‍ ഉണ്ടായിരുന്ന പാര്‍ലമെന്റില്‍ 2017-ല്‍ 28 വനിതാ പ്രതിനിധികളുണ്ട് (27.6 ശതമാനം).

ആരോഗ്യ, മാധ്യമരംഗങ്ങളിലാണ് അഫ്ഗാനിലെ സ്ത്രീകളില്‍ ഏറ്റവുമധികം ജോലിചെയ്യുന്നത്. അതേസമയം, 20% വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ആറുമാസത്തിനിടെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്. ഈ വര്‍ഷം മാത്രം നാലു വനിതാ മാധ്യമപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടത്. ജലാലാബാദില്‍ പോളിയോ വാക്‌സിനേഷന്‍ നല്‍കുന്ന മൂന്ന് ആരോഗ്യപ്രവര്‍ത്തരായ സ്ത്രീകളെയാണ് അക്രമികള്‍ 2021 മാര്‍ച്ചില്‍ വെടിവെച്ചുകൊന്നത്.

''താലിബന്‍ കാബൂളിലെത്തിക്കഴിഞ്ഞെന്നും പോലീസ് വനിതാ ഹോസ്റ്റല്‍ ഒഴിപ്പിക്കുകയാണെന്നും ഞായറാഴ്ച രാവിലെ സുഹൃത്തുക്കളാണ് പറഞ്ഞത്. വീട്ടില്‍ എത്തുക എന്നുമാത്രമായിരുന്നു ലക്ഷ്യം. പൊതുവാഹനങ്ങളില്‍ ഞങ്ങളെ കയറ്റിയില്ല. ബുര്‍ഖ ധരിക്കൂ എന്ന് ആക്രോശിച്ചുകൊണ്ട് പുരുഷന്മാര്‍ കളിയാക്കുന്നുണ്ടായിരുന്നു. രാജ്യത്തെ ഉന്നത സര്‍വകലാശാലകളില്‍നിന്ന് രണ്ട് ബിരുദങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട്. ഒരുപാട് പ്രയത്‌നിച്ചാണ് അവ നേടിയത്. എന്നാല്‍, എന്റെ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും എവിടെ ഒളിപ്പിക്കുമെന്നതാണ് ഇപ്പോള്‍ പ്രശ്‌നം. ഇനി ഉറക്കെ ചിരിക്കാനാകില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാനാകില്ല. സുഹൃത്തുക്കളുമൊത്ത് ഇഷ്ടപ്പെട്ട ഇടങ്ങളില്‍ പോകാന്‍ സാധിക്കില്ല. എന്റെ പ്രിയപ്പെട്ട മഞ്ഞ ഉടുപ്പ് ധരിക്കാനോ പിങ്ക് ലിപ്സ്റ്റിക് ഉപയോഗിക്കാനോ കഴിയില്ല. യൂണിവേഴ്സിറ്റിയില്‍ തുടര്‍ന്ന് പഠിക്കാനാകില്ല. നഖങ്ങള്‍ മിനുക്കി നിറംനല്‍കാന്‍ ഇഷ്ടപ്പെടുന്നവളാണ് ഞാന്‍, അതിനി പറ്റില്ല. പാര്‍ലറില്‍ പോകാന്‍ കഴിയില്ല. എന്തിന്, എന്റെ ജനാലയിലൂടെ പുറംലോകംപോലും എനിക്കിനി കാണാന്‍ സാധിക്കില്ല. ഞങ്ങളുടെ ജീവിതം നിശ്ചലമായി''- കാബൂള്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ വാക്കുകള്‍.

Content Highlights: Afghan women fear 'dark' future, loss of rights as Taliban seize control