2021-ലെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ അഫ്ഗാനില്‍നിന്നുള്ള 15 വയസ്സുകാരിയും. സൊറ്റൂദാ ഫൊറോറ്റാന്‍ എന്ന പെണ്‍കുട്ടിയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പട്ടികയില്‍ ഇടം നേടിയത്. ആകെ 25 പേരാണ് പട്ടികയിലുള്ളത്. ഏഴുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയ താലിബാനെതിരേ ശക്തമായി നിലകൊണ്ടതിനാണ് സൊറ്റൂദയെത്തേടി അംഗീകാരമെത്തിയത്. 

ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം ഭീകരസംഘടനയായ താലിബാന്‍ പിടിച്ചെടുത്തിരുന്നു. സെപ്റ്റംബര്‍ മുതല്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് താലിബാന്‍ അനുമതി നല്‍കിയിരുന്നു. 

സ്‌കൂളുകള്‍ വീണ്ടുംതുറക്കാന്‍ ഒരു പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിൽ ധൈര്യം കൈവിടാതെ സൊറ്റൂദ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. 

''ഇന്ന് പെണ്‍കുട്ടികളെ പ്രതിനിധീകരിച്ച്, ഞങ്ങളുടെ ഹൃദയത്തില്‍നിന്ന് ഒരു സന്ദേശം പങ്കുവയ്ക്കുകയാണ്. അറിവിന്റെ നഗരമെന്നാണ് ഹെറാത്ത് അറിയപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്‌കൂളുകള്‍ തുറക്കാത്തത്''-ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെ സൊറ്റൂദ ചോദിച്ചു. 

സൊറ്റൂദയുടെ ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലിയ അപകടസാധ്യതയുണ്ടായിട്ടും ഇത്രധൈര്യത്തോടെ സംസാരിച്ചതിന് സൊറ്റൂദയെ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു.

Content highlights: afghan girl named in influential women’s list , sotooda forotan,  girls education