ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി കഥകളിവേഷത്തിൽ പെൺകുട്ടികൾക്കും പ്രവേശനം. കഥകളി വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ എട്ടാം ക്ലാസിലേക്കാണ് പെൺകുട്ടികൾക്കും പ്രവേശനംനൽകാൻ ഭരണസമിതി തീരുമാനം എടുത്തത്. ഗുരുകുലസമ്പ്രദായത്തിൽ പഠിക്കുന്ന ആൺകുട്ടികൾക്കു മാത്രമായിരുന്നു കഥകളിവേഷത്തിൽ പ്രവേശനം.

പണ്ടു മുതൽക്കേ പെൺകുട്ടികൾക്ക്‌ കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ അവസരം ഉണ്ടായിരുന്നില്ല. വർഷാവർഷം കഠിനമായ മെയ്യഭ്യാസ ചിട്ടകൾ വേണം എന്നത് തടസ്സമായി. എന്നാൽ, വിദേശത്തുനിന്ന്‌ സ്കോളർഷിപ്പുനേടി ചെറിയ കാലയളവിൽമാത്രം പഠിക്കാനെത്തുന്ന സ്ത്രീകൾ 1,934 മുതൽ കലാമണ്ഡലത്തിൽ കഥകളി പഠിച്ചിരുന്നതായി പറയുന്നു. സ്ത്രീകൾ കഥകളി പഠിക്കാൻ താത്‌പര്യം കാണിച്ചുതുടങ്ങി. പലരും മറ്റിടങ്ങളിൽനിന്ന് പഠിച്ച് അവതരണവും തുടങ്ങി. തൃപ്പൂണിത്തുറയിൽ വനിതകൾ മാത്രമായ കഥകളിയോഗങ്ങളുണ്ട്. അവരെല്ലാം ആചാര്യന്മാരിൽനിന്നും സ്വകാര്യസ്ഥാപനങ്ങളിൽനിന്നും പഠിച്ചവരാണ്. കത്തിയും ചുവന്ന താടിയും ഭംഗിയായി ചെയ്യുന്നവരുടെ വലിയനിര തന്നെയുണ്ട്. പെൺകുട്ടികൾക്കും അവസരം വേണമെന്ന് കലാമണ്ഡലം ഭരണസമിതിയിൽ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാണ് ശക്തമായി ആവശ്യപ്പെട്ടതെന്ന് വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ പറഞ്ഞു.

കലാമണ്ഡലം കഥകളിവിഭാഗം അധ്യാപകരും കഥകളിതത്‌പരരായ നിരവധിപേരും ഇതു കലാമണ്ഡലം ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ഭരണസമിതിയുടെ തീരുമാനം. കലാമണ്ഡലം ആർട്‌സ് സ്കൂളിലെ എട്ടാംക്ലാസിലേക്ക് ആകെ എട്ടു സീറ്റുകളിൽ വടക്കൻ, തെക്കൻ ചിട്ടകളിലായി രണ്ടു പെൺകുട്ടികൾക്ക് വീതം കലാമണ്ഡലം കഥകളിവേഷത്തിൽ പ്രവേശനംനൽകും.

Content Highlights: Admission for girls to study Kathakali in Kalamandalam