കോവിഡ്  19 വ്യാപകമായതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ജാഗ്രതയോടെ വീട്ടില്‍ ഇരിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. വീട്ടില്‍ ഇരിക്കുന്ന വേളകള്‍ കൂടുതല്‍ ക്രിയാത്മകമാക്കുക എന്ന സന്ദേശവുമായാണ് നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന, പുതിയ നൃത്യവിഷ്‌കാരത്തിലൂടെ വരുന്നത്. ശോഭനയ്‌ക്കൊപ്പം തന്റെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലെ  വിദ്യാര്‍ഥികളും അണിചേരുന്നു. 'സാമൂഹിക അകലം പാലിക്കുക ഒപ്പം തന്നെ വീട്ടിലിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും കോവിഡ് ഭീതിയേയും മാറ്റിനിര്‍ത്തി ആ സമയം കൂടുതല്‍ ഫലപ്രദമാക്കുക.

ലോക്ക്ഡൗണ്‍ സമയത്തു വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുക, പരമാവധി പുസ്തകങ്ങള്‍  വായിക്കുക, വീടും പരിസരങ്ങളും വൃത്തിയാക്കുക, ചെടികളെ സംരക്ഷിക്കുക, കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കുക, നൃത്തം വിദ്യാര്‍ഥികളോട് വീട്ടില്‍ ഇരുന്നുകൊണ്ട് പരമാവധി നൃത്തം അഭ്യസിക്കാനും ഇങ്ങനെ ലോക്ക്ഡൗണ്‍ കാലയളവ് കൂടുതല്‍ ഫലപ്രദമാക്കണമെന്ന് ശോഭന തന്നെ നൃത്തരൂപത്തിലൂടെ കാണിച്ചു തരുന്നു.

ശോഭനയോടൊപ്പം കലാര്‍പണയിലെ വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്നും സാധാരണ മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് നൃത്തം ഷൂട്ട് ചെയ്തിരിക്കുന്നത്. സാമൂഹികാവബോധം സൃഷിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഈ നാട്യവിഷ്‌കാരം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്കുന്നു.

Content Highights: Actress Dancer Shobana Shows How To engage During Corona Virus Covid 19 LockDown Thorugh Dance