ഇന്ത്യക്കാരിയായ ഗവേഷകയും സെല്‍ ബയോളജിസ്റ്റുമായ ഡോ. കമല്‍ രണാദിവെയെ ആദരിച്ച് ഗൂഗിള്‍ ഡൂഡിൽ. രണദിവെയുടെ 104-ാമത് പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് തിങ്കളാഴ്ച ഗൂഗിള്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചത്. കാന്‍സര്‍ രംഗത്തെ നൂതനമായ ഗവേഷണത്തിനും ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൂടുതല്‍ നിഷ്പക്ഷമായ സമൂഹത്തെയും കെട്ടിപ്പടുക്കുന്നതിന് നല്‍കിയ സംഭാവനകളിലൂടെയാണ് കമല്‍ ഓര്‍മിക്കപ്പെടുന്നത്.  കമല്‍ രണദിവെ മൈക്രോസ്‌കോപ്പിലൂടെ നോക്കുന്ന ഡൂഡില്‍ നിര്‍മിച്ചത് ഇന്ത്യക്കാരനായ ഇബ്രാഹിം റായിന്റാകാന്താണ്. 

പുണെയില്‍ 1917-ലായിരുന്നു ലോകപ്രശസ്തയായ ഈ ഗവേഷകയുടെ ജനനം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കാൻ അച്ഛനാണ് അവർക്ക് അകമഴിഞ്ഞ പ്രോത്സാഹനം നൽകിയത്. ഈ പ്രോത്സാഹനമാണ് കമലയെ ആ മേഖലയില്‍ അഗ്രഗണ്യ ആക്കിയത്. എന്നാല്‍, തന്റെ മേഖല ജന്തുശാസ്ത്രമാണെന്ന് ക്രമേണ അവര്‍ തിരിച്ചറിഞ്ഞു. 

ഇന്ത്യന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍(ഐ.സി.ആര്‍.സി.) ഗവേഷകയായി പ്രവര്‍ത്തിക്കുന്ന സമയത്ത് കോശങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയായ സൈറ്റോളജിയില്‍ 1949-ല്‍ ഡോക്ടറേറ്റ് നേടി. യു.എസിലെ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപികിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഫെലോഷിപ്പിന് ശേഷം അവര്‍ മുംബൈയില്‍ തിരികെയെത്തി. ഐ.സി.ആര്‍.സി.യില്‍ രാജ്യത്തെ ആദ്യത്തെ ടിഷ്യു കള്‍ച്ചറല്‍ ലബോറട്ടി അവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു.
 
സ്തനാര്‍ബുദവും പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ ഇന്ത്യന്‍ ഗവേഷകരില്‍ കമലും ഉള്‍പ്പെടുന്നു. ചില വൈറസുകളും കാന്‍സറുകളും തമ്മിലുള്ള ബന്ധത്തെയും കമല്‍ തിരിച്ചറിഞ്ഞു.

കുഷ്ഠരോഗത്തിന് കാരണക്കാരായ മൈക്രോബാക്ടീരിയം ലെപ്രയെക്കുറിച്ച് ആഴത്തില്‍ പഠിച്ച അവരുടെ കണ്ടെത്തലുകള്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത് നേട്ടമായി. ശാസ്ത്രമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടി കമലും 11 സഹപ്രവര്‍ത്തകരും കൂടിച്ചേര്‍ന്ന് ഇന്ത്യന്‍ വിമെന്‍ സയന്റിസ്റ്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചു.

1989-ല്‍ വിരമിച്ചതിനുശേഷം മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിച്ച അവര്‍ സ്ത്രീകള്‍ക്ക് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കി.

Content highlights: About kamal ranadive, google doodle about kamal ranadive,  Biologist