സൈബറിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയുടെ ചാറ്റ് ബോക്സിലേക്ക് എന്തും അയക്കാം എന്ന ധാരണയോടെ ഇരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അശ്ലീല വീഡിയോ അയച്ച യുവാവിനെ പരസ്യമായി തുറന്നുകാട്ടിയിരിക്കുകയാണ് ഒരു ധീരയായ പെൺകുട്ടി. 

ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചൽ അ​ഗർവാളിനാണ് അശ്ലീല സന്ദേശം ലഭിച്ചത്. സ്വയംഭോ​ഗം ചെയ്യുന്നതിന്റെ വീഡിയോ ആഞ്ചലിന് അയക്കുകയായിരുന്നു ഒരു യുവാവ്. ഒട്ടും വൈകാതെ മെസേജുകളുടെ സ്ക്രീൻഷോട്ട് സഹിതം സംഭവം ആഞ്ചൽ ട്വിറ്ററിൽ കുറിച്ചു. ഒരാൾ‌ തനിക്ക് സ്വയംഭോ​ഗം ചെയ്യുന്നതിന്റെ വീ‍ഡിയോ അയച്ചു. തനിക്ക് ദേഷ്യം വന്നപ്പോൾ അത് ഇൻസ്റ്റ​ഗ്രാമിലിട്ടു. ഒരു ഫോളോവർ അത് സൈബർ സെല്ലിനയച്ചു. അവർ തനിക്ക് മെസേജ് അയച്ചു. ഉടൻ തന്നെ അയാൾ അവരോട് മാപ്പപേക്ഷിക്കുകയും അത് സൈബർ സെൽ അധികൃതർ തനിക്ക് ഫോർവാർഡ് ചെയ്യുകയും ചെയ്തു. എന്നാൽ‌ താൻ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചാണെങ്കിലും കക്ഷി മാപ്പ് അറിയിച്ചു -എന്നാണ് ആഞ്ചൽ കുറിച്ചത്. 

സൈബർ സെൽ അധികൃതരുമായുള്ള സന്ദേശങ്ങളുടെയും അവർ യുവാവിന് അയച്ച സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ടുകൾ ആഞ്ചൽ പങ്കുവെച്ചു. യുവാവിനോട് അപമര്യാദയായി പെരുമാറിയതിൽ ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറയുന്നത് സ്ക്രീൻഷോട്ടിൽ കാണാം. അതിനോട് താൻ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും യുവാവ് മറുപടി നൽകുന്നുമുണ്ട്. 

എന്നാൽ അതുപോരെന്നും അയാൾ സൈബർ സെൽ അധികൃതരോടല്ല തന്നോടും മറ്റു സ്ത്രീകളോടുമാണ് മാപ്പ് പറയേണ്ടതെന്നും ആഞ്ചൽ അറിയിച്ച. ഇതിന് അയാൾ ഓഡിയോയിലൂടെ മാപ്പറിയിക്കും എന്ന് സൈബർ സെല്ലിൽ നിന്ന് മറുപടി നൽകുമ്പോൾ വീഡിയോ രൂപത്തിൽ തന്നെ വേണമെന്ന് ആഞ്ചൽ ആവശ്യപ്പെടുന്നു. അയാൾ തനിക്കാണ് വീഡിയോ അയച്ച് അരക്ഷിതാവസ്ഥ തോന്നിപ്പിച്ചതെന്നും അതുകൊണ്ട് തന്നോടു തന്നെ മാപ്പു പറയണമെന്നും ആ‍ഞ്ചൽ പറഞ്ഞു. ഇതോടെയാണ് യുവാവ് മാസ്ക് ധരിച്ച് ആ‍ഞ്ചലിനോട് മാപ്പു പറയാൻ തയ്യാറായത്. 

നിരവധി പേരാണ് ആഞ്ചലിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. തെറ്റു ചെയ്തതോർത്തല്ല പിടിക്കപ്പെട്ടതു കൊണ്ടു മാത്രമാണ് അയാൾ മാപ്പു പറഞ്ഞതെന്നും എല്ലാ സ്ത്രീകളും ഇതുപോലെ നിലപാടെടുക്കണം എന്നും അയാൾ അയച്ച വീഡിയോ അയാളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അയച്ച നാണംകെടുത്തുകയാണ് വേണ്ടത് എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: aanchal exposes online sexual harasser, sending masturbation video, online sexual harassment