വിവാഹത്തിനായി അതിഥികളെ ക്ഷണിക്കുമ്പോള്‍ സമ്മാനങ്ങളെക്കാള്‍ പ്രാധാന്യം അവരുടെ സാന്നിധ്യത്തിനായിരിക്കും. പലരും വിവാഹക്ഷണക്കത്തുകളില്‍ സാന്നിധ്യം തന്നെ സമ്മാനമെന്നും നല്‍കാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു വിവാഹക്ഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സഹിതം വധുവിന്റെ വീട്ടുകാര്‍ പുറത്തിറക്കിയ നീളന്‍ ലിസ്റ്റാണ് ചര്‍ച്ചയാകുന്നത്. 

അരുതുകളുടെ ഒരു നീണ്ട പട്ടികയാണ് ലിസ്റ്റിലുള്ളത്. വധുവിന്റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് ആരംഭിക്കുന്നത്. വിവാഹത്തിനെത്തുന്ന അതിഥികള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം മുതല്‍ ഹെയര്‍സ്‌റ്റൈല്‍ വരെ നിബന്ധനകള്‍ പ്രകാരം വേണമെന്നു പറയുകയാണ് കത്തിലൂടെ. ക്ഷണക്കത്തു കിട്ടി അമ്പരന്ന ഒരു യുവതിയാണ് ലിസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

മുടി പോണിടെയ്ലായി തന്നെ കെട്ടണമെന്നതാണ് ആദ്യത്തെ നിബന്ധന. അതല്ലെങ്കില്‍ ബോബ് സ്‌റ്റൈലാകാം. വധുവിനോട് സംസാരിക്കാന്‍ പാടുള്ളതല്ല എന്നത് മറ്റൊരു നിബന്ധന. ഇങ്ങനെ തുടങ്ങി ആദ്യകാഴ്ച്ചയില്‍ തന്നെ അമ്പരപ്പിക്കുന്ന നിബന്ധനകളാണ് വധുവിന്റെ കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 

താഴെ പറയുന്നവയാണ് നോട്ടീസില്‍ നല്‍കിയിരുന്ന നിബന്ധനകള്‍

* പതിനഞ്ചു മിനിറ്റ് മുതല്‍ മുപ്പു മിനിറ്റ് വരെ നേരത്തെ എത്തണം
* വെള്ളയോ ക്രീം കളറോ ഐവറി നിറമോ ഉള്ള ഡ്രസ്സുകള്‍ ധരിക്കരുത്
* ബേസിക് ബോബ് ഹെയര്‍സ്‌റ്റൈലോ പോണിടെയ്ലോ അല്ലാതെ മറ്റൊന്നും പാടില്ല
* മുഖം മുഴുവനായി മേക്കപ്പ് ഉപയോഗിക്കരുത്
* ചടങ്ങ് റെക്കോര്‍ഡ് ചെയ്യാന്‍ മുതിരരുത്
* നിര്‍ദേശം നല്‍കുന്ന വരെയും എഫ്ബിയില്‍ ചെക് ഇന്‍ ചെയ്യരുത്
* ഓരോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴും ചടങ്ങ് ഹാഷ്ടാഗ് ചെയ്തിരിക്കണം
* വധുവിനോട് സംസാരിക്കാന്‍ മുതിരരുത്
* അവസാനത്തേതാണ് ഏറ്റവും നിര്‍ബന്ധം, 75ഡോളറില്‍(അയ്യായിരത്തില്‍പരം) കുറയാത്ത തുകയുടെ സമ്മാനവുമായി വരരുത്

Wedding

 

ഇത്തരത്തിലുള്ള വിചിത്രമായ നിബന്ധനകള്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുകയേ ചെയ്യാതിരിക്കലാണ് ഈ കത്തിനുള്ള ഉത്തമ മറുപടിയെന്നാണ് പലരും പോസ്റ്റിനു കീഴെ കമന്റ് ചെയ്യുന്നത്. തങ്ങള്‍ക്കിഷ്ടടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. എന്തായാലും ഈ വിവാഹവും നിബന്ധനകളും ഓണ്‍ലൈനില്‍ വൈറലാവുകയാണ്. 

Content Highlights: a woman has shared a list of demands she received for an upcoming wedding