കോടഞ്ചേരി: ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി വേങ്ങത്താനത്ത് ഏലിയാമ്മയെ (78) കണ്ടെത്തി. കോടഞ്ചേരി തേവര്‍മലയിലെ കടുവപ്പൊത്തിന് സമീപത്തുനിന്നാണ് ശനിയായഴ്ച ഉച്ചയോടെ ഇവരെ കണ്ടെത്തിയത്. ഓര്‍മക്കുറവുള്ള ഏലിയാമ്മയെ ഒരാഴ്ചമുമ്പ് വൈകീട്ട് നാലുമണിയോടെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു.

ഒരാഴ്ചയായി പോലീസും ഡോഗ്‌സ്‌കാഡും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാടുള്‍ കണ്ടത്തി നാട്ടുകാര്‍ ഭീതിയിലായ സാഹചര്യത്തിലാണ് ഏലിയാമ്മയെ കാണാതായത്. നാട്ടുകാരും േപാലീസും കോടഞ്ചരിയിലെയും സമീപപ്രദേശത്തെ സന്നദ്ധസംഘടങ്ങളും അടങ്ങിയ സംഘം പഞ്ചായത്തിലെ വിവിധഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ശനിയായഴ്ച നടത്തിയ തിരച്ചിലിലാണ് വീട്ടില്‍നിന്ന് അല്പ്ം മാറി തേവര്‍മലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇവരെ കണ്ടെത്തിയത് .

രക്ഷപ്പെടുത്തിയ ഏലിയാമ്മയെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. പ്രദേശവാസികളായ ഹോളിജോസഫ് തിരുമല, ഷിബു വെട്ടു കല്ലുംപുറം, ബാബു വേലിക്കകത്ത്, അജേഷ് തോട്ടത്തിന്‍കടവ്, നൗഫല്‍ മല്ലശ്ശേരി എന്നിവരാണ് ഇവരെ കണ്ടെത്തിയത്

അനുമോദിച്ചു

ഏലിയാമ്മയെ കണ്ടെത്താന്‍ തിരച്ചിലില്‍ പങ്കെടുത്തവരെ കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. കോടഞ്ചേരി പോലീസും നാട്ടുകാരും കര്‍മസേന മുറംപാത്തി, എന്റെ മുക്കം, ടാസ്‌ക് ഫോഴ്‌സ് കോടഞ്ചേരി എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈര്‍, വാസുദേവന്‍ ഞാറ്റുകാലായില്‍, ചാള്‍സ് തയ്യില്‍, രാജു തേന്മല, കോടഞ്ചേരി എസ്.ഐ. കെ.സി. അഭിലാഷ് , പോലീസ് ഓഫീസര്‍മാരായ സി.സി. സാജു, സലിം മുട്ടത്ത് എന്നിവര്‍ സംസാരിച്ചു.

Content highlights: a region came together to find a mother eliyamma was found near the tiger enclosure at thevarmala