കൊറോണയ്‌ക്കെതിരെ സന്ധിയില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. തുടരെയുള്ള മരണങ്ങളും ജോലിഭാരവും തങ്ങളുടെ മനസ്സിനെ ബാധിക്കുമ്പോഴും രോഗികളെ സന്തോഷിപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. കാനഡയിലെ ഒട്ടാവാ ആശുപത്രിയില്‍ നിന്നുള്ള രംഗം ആരുടെയും മനസ്സു നിറയ്ക്കുന്നതാണ്. 

ഐ.സി.യുവില്‍ അഡ്മിറ്റായിരിക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനുമായി പാട്ടുപാടുന്ന നഴ്‌സിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഐ.സി.യുവിന് പുറത്ത് നിന്ന് 'യു ആര്‍ നോട്ട് എലോണ്‍' എന്ന ഗാനമാണ് എമി ലിന്‍ എന്ന നഴ്‌സ് ഗിത്താര്‍ വായിച്ചുകൊണ്ട് ആലപിക്കുന്നത്. ഒട്ടാവ ആശുപത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആദ്യം വീഡിയോ ഷെയര്‍ ചെയ്തത്. 

'ഇത് എമി ലിന്‍, ഒട്ടാവ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗത്തിലെ നഴ്‌സാണ്. ഐ.സി.യുവിലേക്ക് സേവനത്തിനായി ഈ അടുത്തകാലത്താണ് അവര്‍ എത്തിയത്. ഞങ്ങളുടെ രോഗികള്‍ക്കു വേണ്ടി അവര്‍ മനോഹരമായ ഗാനം ആലപിക്കുകയാണ്, യു ആര്‍ നോട്ട് എലോണ്‍...' എന്ന ക്യാപ്ഷനോടെയാണ് ആശുപത്രി എമിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  

വീഡിയോ കണ്ടശേഷം നിരവധിപ്പേര്‍ എമിക്ക് അഭിനന്ദനവുമായി എത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് അതില്‍ ഏറെയും.

Content Highlights: A nurse  singing for patients admitted to the intensive care unit