ആയിരം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തന്റെ കുഞ്ഞിന് മുലപ്പാല്‍ എത്തിച്ചു നല്‍കി ഒരു അമ്മ. ഡല്‍ഹിയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായ 35 ദിവസം പ്രായമായ കുഞ്ഞിനുള്ള പാലാണ് അമ്മ ലേയില്‍ നിന്നും വിമാനമാര്‍ഗം എത്തിക്കുന്നത്. കൊറോണ ഭീക്ഷണിയുള്ളതിനാല്‍ അമ്മയ്ക്ക് കുഞ്ഞിനൊപ്പം പോകാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മൂന്ന് ആഴ്ചയായി കുഞ്ഞിന്റെ പിതാവും മാതാവിന്റെ സഹോദരനും പാല്‍ അടക്കം ചെയ്ത ബോക്‌സുമായി വിമാനത്തില്‍ ഡല്‍ഹിയെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് അശുപത്രിയിലേക്കും. കഥയറിഞ്ഞവര്‍ അമ്മയുടെയും കുടുംബത്തിന്റെയും ത്യാഗത്തെ വാഴ്ത്തുകയാണ്.
കൊറോണ വ്യാപനം രൂക്ഷമായതോടെ യാത്രകളും ആശുപത്രി സന്ദര്‍ശനങ്ങളും ദുഷ്‌കരമായ സാഹചര്യത്തിലാണ് ഈ സംഭവം. ജൂണ്‍ 16 നാണ് ഡോര്‍ജി പാമോയെന്ന യുവതിയ്ക്ക് സിസേറിയനിലൂടെ കുഞ്ഞ് പിറന്നത്. കുഞ്ഞ് പാല് കുടിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് ശ്വാസനാളിയും അന്നനാളവും കൂടിച്ചേര്‍ന്ന നിലയിലാണെന്ന് കണ്ടെത്തിയത്. ഇതോടെ അടിയന്തര ശസ്ത്രക്രിയക്കായി കുഞ്ഞിനെ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കോറോണ ഭീക്ഷണിയുള്ളതിനാല്‍ അമ്മയെ ഒപ്പം അയക്കാനായില്ല. ഷാലിമാര്‍ബാഗിലെ മാക്‌സ് ഹോസ്പിറ്റലിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്
റോഡ്മാര്‍ഗം 1000 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുന്നതിനാലാണ് കുഞ്ഞിന്റെ പിതാവായ ജിക്‌മെത് വാങ്കഡുവും ഡോര്‍ജിയുടെ സഹോദരനായ ഗ്യാലെപോയും വിമാനമാര്‍ഗം പാല്‍ എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. 60 മില്ലിലിറ്റർ വീതമുള്ള ഏഴ് കണ്ടെയ്‌നറുകളിലാണ് പാല്‍ എത്തിച്ചിരുന്നത്. 'ഒന്നിടവിട്ട ദിനങ്ങളില്‍ ഞങ്ങളിരുവരും മാറി മാറി ഡല്‍ഹില്‍ നിന്ന് ലേയിലേക്കും തിരിച്ചും വരുകയായിരുന്നു ചെയ്തത്.' ഭര്‍ത്താവ് വാങ്കഡു പറയുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇവര്‍ യാത്ര ചെയ്തിരുന്ന വിമാനകമ്പനി യാത്ര സൗജന്യമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ അണുബാധ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കുഞ്ഞിന് അമ്മയുടെ പാല്‍ നല്‍കാനാകുമോ എന്ന് ഡോക്ടര്‍ ആരാഞ്ഞത്. അതോടെ പാല്‍ എത്തിച്ചു നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച കുഞ്ഞ് ആശുപത്രി വിടും. കുഞ്ഞിന് റിഗ്‌സിന്‍ വാങ്ചുക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
Content Highlights: A mother from Leh sending milk for her newborn baby who undergoing treatment at Delhi