ചെന്നൈ മുതല്‍ ചെന്നിത്തല വരെ നീളുന്ന 760 കിലോമീറ്റര്‍ യാത്ര. നീണ്ട പതിനെട്ട് മണിക്കൂര്‍. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുമായി കാറിലുള്ള യാത്ര നാട്ടില്‍ അവസാനിപ്പിച്ചപ്പോഴേക്കും തളര്‍ന്നുപോയിരുന്നു ശ്യാമേഷ്. ഭാര്യക്ക് കുഴപ്പമൊന്നുമില്ലെന്നതിലായിരുന്നു ആശ്വാസം.  ചെന്നിത്തല കാരാഴ്മകിഴക്ക് പെരുമ്പ്രാവള്ളില്‍ നന്ദനത്തില്‍ രാധാകൃഷ്ണന്‍ നായരുടെ മകളായആതിര (26)യും ഭര്‍ത്താവ് ശ്യാമേഷും ജോലിസംബന്ധമായി ചെന്നൈയിലെ വില്ലിവാക്കത്തായിരുന്നു താമസം. ശ്യാമേഷ് സോഫ്റ്റ്വേര്‍ എന്‍ജിനീയറും ആതിര ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയുമാണ്.  ഗര്‍ഭിണിയായ ആതിരയേയുംകൊണ്ട് മാര്‍ച്ച് മാസം അവസാനം നാട്ടിലെത്താനിരുന്നതാണ് ശ്യാമേഷ്. എന്നാല്‍, കൊറോണയും തുടര്‍ന്നുണ്ടായ ലോക്ഡൗണും കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. ഇവര്‍ ചൈന്നെയില്‍ പെട്ടുപോയി. ഇവര്‍ രണ്ടുപേരും മാത്രമാണ് ചൈന്നെയിലുണ്ടായിരുന്നത്. സഹായിക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥ.  

ഒന്‍പതുമാസം ഗര്‍ഭിണിയായ ആതിരയെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം. ഏപ്രില്‍ 15-ലേക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. തുടര്‍ന്ന് ആലപ്പുഴ കളക്ടര്‍ ഓഫീസില്‍ യാത്രാ പാസിന് അപേക്ഷിച്ചു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു. ആതിരയെ പരിശോധിച്ചിരുന്ന തമിഴ്നാട്ടിലെ ഡോക്ടര്‍ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമില്ല. കാര്യങ്ങള്‍ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ബോധ്യപ്പെട്ടപ്പോള്‍ അവര്‍ പെട്ടെന്ന് പാസ് അനുവദിച്ചു.  

പാസ് ലഭിച്ചുകഴിഞ്ഞപ്പോള്‍ യാത്രയ്ക്കായി തടസ്സം. ഇവരെ നാട്ടിലേക്ക് കൊണ്ടുവരാമെന്ന് ഏറ്റിരുന്ന വാഹനവും വ്യക്തിയും പിന്മാറി. 28 ദിവസം ക്വാറന്റൈനില്‍ പോകാന്‍ തനിക്ക് കഴിയില്ല എന്നാണ് അയാള്‍ പറഞ്ഞ കാരണം. ഇതോടെ നാട്ടിലെത്താന്‍ വാഹനമില്ലാത്ത അവസ്ഥ. വിവരങ്ങള്‍ അറിഞ്ഞ സുഹൃത്ത് തന്റെ വാഹനം നല്‍കാമെന്ന് സമ്മതിച്ചതോടെ ശ്യാമേഷ് സ്വയം ഓടിച്ചുവരാന്‍ തയ്യാറെടുത്തു. പുതിയ വാഹനപാസിനായി കളക്ടര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി. പെട്ടെന്നുതന്നെ അവര്‍ പാസ് അനുവദിച്ചു. തുടര്‍ന്ന് ശ്യാമേഷ് സ്വയം കാറോടിച്ച് 18 മണിക്കൂര്‍കൊണ്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇടയ്ക്കിടെ കാര്‍ നിര്‍ത്തി 10 മിനിറ്റോളം ആതിരയെ നടത്തിച്ചും വിശ്രമിച്ചുമായിരുന്നു യാത്ര. വ്യാഴാഴ്ച പുലര്‍ച്ചേ നാലുമണിക്ക് ചെന്നൈയിലെ മാമ്പലത്തുനിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ ചെന്നിത്തലയിലെത്തി.  

തമിഴ്നാട്ടിലും കേരള അതിര്‍ത്തിയിലുമെല്ലാം കാര്യങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ ഇടപ്പോണ്‍ ഐരാണിക്കുഴിയില്‍ എത്തിയപ്പോള്‍ മാത്രമാണ് പോലീസില്‍നിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് ഇരുവരും പറയുന്നു. എല്ലാരേഖകളും ഉണ്ടായിട്ടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ ഇരുപത് മിനിറ്റോളം പോലീസ് ഇവരെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. പിന്നീട് ജില്ലാ പോലീസ് മേധാവി ഇടപെട്ടാണ് യാത്ര സുഗമമാക്കിയത്. വീട്ടിലെത്തിയശേഷം ഒരുമുറിക്കുള്ളില്‍ 28 ദിവസത്തേക്ക് ഇരുവരും ക്വാറന്റൈനിലായി.

Content Highlights:  A man drive 18 hours for his nine month pregnant wife taken to home during corona virus pandemic