മ്മയ്ക്ക് തന്റെ കുഞ്ഞ് ആരായാലും എങ്ങനെയായാലും നിധി തന്നെയാണ്. ആരെല്ലാം കുറ്റം പറഞ്ഞാലും കൈ ചൂണ്ടിയാലും അവളതിനെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിക്കും. ഇന്റര്‍സെക്‌സ് വിഭാഗത്തിലെ മിശ്രലിംഗരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക എഴുതിയ താരാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 'ആണല്ല പെണ്ണല്ല കണ്മണി നീ എന്റെ തേന്മണി അല്ലോ തേന്മണി' എന്ന് തുടങ്ങുന്ന ഗാനം ആരുടെയും ഹൃദയം നിറയ്ക്കും.

'മനുഷ്യന്‍ ആണും പെണ്ണും മാത്രമായല്ല മിശ്രലിംഗക്കാരായും ജനിക്കാറുണ്ട്. ഒരു കുട്ടിയില്‍ രണ്ട് ലിംഗാവസ്ഥകള്‍ കാണപ്പെടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. അത്തരം കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ, അല്ലെങ്കില്‍ ജനിക്കുമ്പോള്‍ തന്നെ ഏതെങ്കിലും ഒരു ലിംഗത്തിലേയ്ക്ക് മാറ്റാനോ ആണ് എല്ലാവരും ശ്രമിക്കുക. ആരാണ് അവരെ സ്വീകരിക്കുക എന്നത് വലിയ ചോദ്യമാണ്, സമൂഹമോ, അതോ കുടുംബമോ.. പലപ്പോഴും അമ്മമാരും അവരെ തള്ളിപ്പറയാറുണ്ട. വളരെ കുറച്ച് അമ്മമാര്‍ മാത്രമേ മിശ്രലിംഗത്തില്‍ പെട്ട കുഞ്ഞുങ്ങളെ അവരായി തന്നെ സ്വീകരിക്കാന്‍ തയ്യാറാവാറുള്ളൂ. എന്നാല്‍ അവരും എല്ലാ കുഞ്ഞുങ്ങളെയും പോലെയാണ്, അമ്മയുടെ കണ്‍മണിയാണ് എന്ന് സമൂഹത്തോടെ പറയുകയാണ് ഈ താരാട്ടുപാട്ടിന്റെ ലക്ഷ്യമെന്ന്'  വിജയരാജമല്ലിക പറയുന്നു. മാത്രമല്ല  ഇന്റര്‍സെക്‌സായ കുഞ്ഞു പിറന്നാലും അവരെ അഭിമാനത്തോടെ വളര്‍ത്താന്‍ അമ്മമാര്‍ക്ക് പ്രചോദനം നല്‍കുകയാണ് ഈ ഗാനം.    

ഗായകരായ ഷിനി അവന്തിക, കരിമ്പുഴ രാധ, നിലംബൂര്‍ സുനില്‍കുമാര്‍ എന്നിവരാണ് സംഗീതം പകര്‍ന്നു പാടിയിരിക്കുന്നത്. ഈ ഗാനങ്ങളുടെ ഓണ്‍ലൈന്‍ ലോഞ്ച് നര്‍ത്തകിയും സാഹിത്യക്കാരിയുമായ  ഡോ. രാജശ്രീ വാര്യര്‍ ഞാറാഴ്ച രാവിലെ 10 മണിക്ക്  നിര്‍വഹിച്ചു.  കവിയും ആക്ടിവിസ്റ്റുമായ സതി അങ്കമാലി, കേരള സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ്  അംഗവും പ്രമുഖ ഇന്റര്‍സെക്‌സ് ആക്ടിവിസ്റ്റുമായ ചിഞ്ചു അശ്വതി രാജപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Content Highlights: A Lullaby for Intersex Child written by Vijayarajamallika