ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെയും സോഷ്യൽ മീഡിയയിലെയും മോശം അനുഭവങ്ങൾ സ്ത്രീകളെ അവ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി പഠനം. 60 ശതമാനത്തോളം സ്ത്രീകൾ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടുന്നതായി ലോകവ്യാപകമായി നടത്തിയ ഒരു പഠനം പറയുന്നു.

പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പ്ലാൻ ഇന്റർനാഷണലാണ് പഠനം നടത്തിയത്. അഞ്ചിൽ ഒരാൾ എന്ന കണക്കിൽ പെൺകുട്ടികൾ സോഷ്യൽ മീഡിയയുടെ ഉപയോഗം തന്നെ വേണ്ടെന്നു വയ്ക്കുന്നതായും പഠനം സൂചിപ്പിക്കുന്നു. വളരെ ഭീകരമായ ഇത്തരം അതിക്രമങ്ങൾ പെൺകുട്ടികളെ നിശബ്ദരാക്കുന്നതായി സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആനി ബ്രിജിറ്റ് ആൽബ്രട്ട്സ്റ്റൺ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടാവുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേരാണ് ഫേസ്ബുക്കിലൂടെ മോശം അനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞത്. 23 ശതമാനം പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിലൂടെയും, 14 ശതമാനം പേർ വാട്സാപ്പിലൂടെയും സ്നാപ് ചാറ്റിൽ പത്ത് ശതമാനവും ട്വിറ്ററിലൂടെ ഒമ്പത് ശതമാനവും പെൺകുട്ടികൾക്കു നേരെ അതിക്രമമുണ്ടായതായി പഠനം സൂചിപ്പിക്കുന്നു.

കൊറോണക്കാലത്ത് മറ്റ് വിനിമയ മാർഗ്ഗങ്ങളില്ലാതിരിക്കേ പെൺകുട്ടികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഈ സോഷ്യൽ മീഡിയ കമ്പനികൾക്ക് പഠനത്തിന്റെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സംഘടന പറയുന്നു.

ഇത്തരം അതിക്രമങ്ങൾ തങ്ങൾക്ക് വലിയ മാനസിക പ്രശ്നങ്ങളുണ്ടാക്കിയതായും സർവേയിൽ പങ്കെടുത്ത പെൺകുട്ടികൾ വെളിപ്പെടുത്തി. ഇത്തരത്തിൽ മോശകരമായ കണ്ടെന്റുകൾ കണ്ടെത്താൻ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കുമെന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പഠനത്തിനുള്ള മറുപടിയായി പറഞ്ഞു. 'നമ്മുടെ ആപ്പുകൾ സ്ത്രീകൾക്ക് സുരകഷിതമായ ഇടങ്ങളാവണം, അതിനായി ഞങ്ങൾ പരിശ്രമിക്കും.' ഫേസ്ബുക്കിന്റെ സ്ത്രീസുരക്ഷാ വിഭാഗം തലവനായ സിൻഡി സൗത്ത്വർത്ത് പത്രകുറിപ്പിൽ അറിയിച്ചു.

സർവേയിൽ ബ്രസീൽ, ഇന്ത്യ, നൈജീരിയ, സ്പെയിൻ, തായ്ലൻഡ്, അമേരിക്ക എന്നവയടക്കം 22 രാജ്യങ്ങളിൽ നിന്നായി 14,000 ത്തോളം പെൺകുട്ടികൾ പങ്കെടുത്തു. 15 മുതൽ 25 വയസ്സുവരെ പ്രായമായവരിലാണ് സർവേ നടത്തിയത്.

Content Highlights:A global study showed online abuse is driving girls to quit social media platforms