വയസ്സ് 86 ആയതോ, നാല് കൊച്ചുമക്കളുടെ മുത്തശ്ശി ആയതോ ഒന്നും സാലിന സ്റ്റെയിന്‍ഫെല്‍ഡിന് ഒരു തടസ്സമായില്ല. ഇസ്രയേലിൽ എല്ലാ വർഷവും നടക്കാറുള്ള മിസ് ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യ മത്സരത്തിൽ അവർ ആവേശപൂർവം പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കിരീടം ചൂടുകയും ചെയ്തു. 

നാസിഭരണത്തിൽ പീഡനമേറ്റ് അതിജീവിച്ചവർക്കുള്ള മത്സരമാണ് മിസ് ഹോളോകോസ്റ്റ് സർവൈവർ. 70-നും 90-വയസ്സും ഇടയില്‍ പ്രായമുള്ളവരായിരുന്നു മത്സരാര്‍ഥികള്‍. ആകെ പത്ത് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 

സാലിനയുടെ ജന്മദേശം റൊമാനിയ ആണ്. 1948-ല്‍ ഇസ്രയേലിലെത്തുന്നതുവരെ നാസി ഭരണകൂടത്തിന്റെ ക്രൂരതകളുടെ ഇരയായിരുന്നു അവര്‍. 

തിളങ്ങുന്ന ഗൗണുകളും  മേക്കപ്പും ആഭരണങ്ങളുമണിഞ്ഞ് ജറുസലേമിലെ മ്യൂസിയത്തില്‍ നടന്ന മത്സരത്തില്‍ പത്തുപേരും ക്യാറ്റ് വാക്ക് നടത്തി. രണ്ട് മക്കള്‍, നാല് കൊച്ചുമക്കള്‍, അവരുടെ മക്കളുമായി വലിയ കുടുംബമായി കഴിഞ്ഞു വരുന്ന എനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല-മത്സരാര്‍ഥിയായ കുക പാല്‍മോന്‍ പറഞ്ഞു. 

അതേസമയം, നാസികളുടെ ക്രൂരപീഡനത്തിന് ഇരയായി മരിച്ച 60 ലക്ഷം ജൂതന്മാരുടെ ഓര്‍മകളെ വിലകുറച്ച് കാണിക്കുന്നതായിരുന്നു മത്സരമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയ ഈ സ്ത്രീകളില്‍ എത്രമാത്രം സൗന്ദര്യമുണ്ടെന്ന് എല്ലാവരും അറിയണമെന്ന് മത്സരാര്‍ത്ഥിയായിരുന്ന റിവ്കയുടെ കൊച്ചുമകള്‍ ഡാനാ പാപോ പറഞ്ഞു. അവരെ ഞങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഞങ്ങള്‍ക്കു കാണിച്ചു കൊടുക്കണം. അവരോട് നന്ദി പറയുന്നു. ഞങ്ങള്‍ക്കൊരുഭാവിയുണ്ട്, ഒരു രാജ്യവും-അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: 86 year old crowned miss holocaust survivor in israeli pageant salina steinfeld