ചെന്നൈ: വെള്ളംകണ്ടാൽ എടുത്തു ചാടുന്ന ശീലം 85-ാം വയസ്സിലും പാപ്പാ മുത്തശ്ശി നിർത്തിയിട്ടില്ല. നീന്തൽപഠിക്കാൻ ശിഷ്യർ വരിനിൽക്കുമ്പോൾ പ്രായംമറന്ന് അവർ വെള്ളത്തിലേക്കുകുതിക്കും. ഇരുപതോളം പേരാണ് ഇപ്പോൾ അവരുടെ ശിക്ഷണത്തിൽ നീന്തൽപഠിക്കുന്നത്.

തമിഴ്നാട്ടിലെ നാമക്കൽ രാസിപുരത്തെ വെണ്ണന്തൂർ സ്വദേശിയാണ് പാപ്പാ. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന പാപ്പാ 85 എന്ന പ്രായത്തെ അക്കങ്ങളുടെ ലാഘവത്തോടെയാണ് ഇന്നും കാണുന്നത്. അഞ്ചാംവയസ്സിൽ അച്ഛനിൽനിന്നാണ് നീന്തൽപഠിക്കുന്നത്. മറ്റുള്ളവർക്ക് നീന്തൽ പഠിപ്പിക്കണമെന്ന് ഉപദേശിച്ചതും അച്ഛൻ തന്നെ. അത് ഇന്നും പാലിക്കുന്നു.

എത്ര ആഴമുള്ള പുഴയിലേക്കും കായലിലേക്കും കുളത്തിലേക്കും എടുത്തുചാടാൻ ഇന്നും ധൈര്യമുണ്ടെന്ന്‌ പാപ്പാ പറയുന്നു. നീന്തൽ ഹോബിയായി തുടങ്ങിയതാണ്. പിന്നീടത് ശീലമായി. ആദ്യം മകനെയും മകളെയും നീന്തൽ പഠിപ്പിച്ചു. പിന്നീട് കൊച്ചുമക്കളെയും. പതുക്കെ കുടുംബത്തിലെ എല്ലാവരും നീന്തൽ പഠിക്കാൻ പാപ്പായുടെ അടുത്തെത്തി. ഇത് കണ്ടപ്പോൾ ഗ്രാമവാസികൾക്കും നീന്തലിനോട് താത്‌പര്യമേറി.

‘നീന്തൽ എനിക്ക് പ്രിയപ്പെട്ടതാണ്. ആരു ചോദിച്ചാലും പഠിപ്പിക്കാൻ പറ്റില്ല എന്നു പറയാനാവില്ല. ആഗ്രഹവുമായി എത്തുന്ന ആരെയും ഞാൻ പഠിപ്പിക്കും. ഇപ്പോൾ അഞ്ചുമുതൽ 40 വയസ്സുവരെയുള്ളവരെ നീന്തൽപഠിപ്പിക്കുന്നുണ്ട് - പാപ്പാ പറഞ്ഞു. അവർ എല്ലാവർക്കും പ്രചോദനമാണെന്ന് നാട്ടുകാർ പറയുന്നു.

Content Highlights: 85 year old woman teaches swimming to young in tamilnadu, inspiring women