വര്‍ഷങ്ങള്‍ക്കുശേഷം കോക്പിറ്റിലെത്തിയപ്പോള്‍ യാതൊരു അപരിചിത്വവും ഉണ്ടായിരുന്നില്ല മിര്‍ത ഗേജിന്. സഹപൈലറ്റായ കോഡി മാറ്റിയെല്ലോയുടെ ഒപ്പം അവര്‍ വിമാനം പറത്തി. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയാണ്  മിര്‍ത ഗേജ് എന്ന 84 കാരി. പക്ഷേ, ഗേജിന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. താന്‍ ചെയ്ത പൈലറ്റിന്റെ ജോലി ഒന്നുകൂടി ചെയ്യണമെന്നതായിരുന്നു അത്. 

തന്റെ യൗവനകാലത്ത് ഗേജ് പൈലറ്റായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം പിടികൂടിയപ്പോള്‍ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ഗേജിന് ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. തുടര്‍ന്ന് ഗേജിനോട് പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹങ്ങളേതെങ്കിലുമുണ്ടെങ്കില്‍ അതിന്റെ പട്ടിക തയ്യാറാക്കാന്‍ മക്കള്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഒരിക്കല്‍ക്കൂടി വിമാനം പറത്താന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഗേജ് മക്കളെ അറിയിക്കുകയായിരുന്നു. 

ഗേജിന്റെ മകനായ ഏള്‍ ആണ് അമ്മയുടെ ആഗ്രഹസഫലീകരണത്തിന് ചുക്കാന്‍ പിടിച്ചത്. അമ്മയുടെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരെങ്കിലും സഹായിക്കുമോ എന്ന അന്വേഷണത്തിനിടയിലാണ് കോഡി മാറ്റിയെല്ലോ എന്ന പൈലറ്റിനെ ഏള്‍ കണ്ടുമുട്ടുന്നത്. ഗേജിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്നേറ്റ അദ്ദേഹം ഗേജിനെയും ഏളിനെയും വിന്നിപിസ്യൂക്കി തടാകത്തിനു മുകളിലൂടെയും കീര്‍സാര്‍ജ് കൊടുമുടിയുടെ മുകളിലൂടെയും വിമാനം പറത്താമെന്ന് സമ്മതിച്ചു. വിമാനം നിലത്തുനിന്ന് പൊങ്ങി മുകളിലെത്തിയപ്പോള്‍ മാറ്റിയെല്ലോ വിമാനത്തിന്റെ നിയന്ത്രണം ഗേജിന് കൈമാറി. 

മാറ്റിയെല്ലോ തന്നെയാണ് ഗേജ് വിമാനം പറത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ഇവയെല്ലാം വൈറലായിരുന്നു. 
ഗേജിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മാറ്റിയെല്ലോ  പറഞ്ഞു. 

ഗേജ് വിമാനം പറത്തുന്ന വീഡിയോ കണ്ട പലരും വികാരാധീനരായി. വീണ്ടും വിമാനം പറത്താനുള്ള ഗേജിന്റെ താത്പര്യത്തെ പലരും പുകഴ്ത്തി. ഒരിക്കല്‍ പൈലറ്റായാല്‍ ജീവിതകാലം മുഴുവനും പൈലറ്റായിരിക്കുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെങ്കിലും തന്റെ ജോലിയില്‍ ഗേജിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകുമെന്നും വീഡിയോയ്ക്ക് ആളുകള്‍ കമന്റ് ചെയ്തു.

Content highlights: 84 year old pilot with parkinsons flies plane video leaves netizens emotional