വംശീയാധിക്ഷേപങ്ങളിൽ പ്രതിഷേധിച്ചും കുഞ്ഞിനെ നോക്കാനായും സെറീന വില്യംസിന്റെ ഭർത്താവും സംരംഭകനുമായ അലക്സിസ് ഒഹാനിയൻ റെഡ്ഡിറ്റിന്റെ കോഫൗണ്ടർ സ്ഥാനം രാജിവച്ചത് വാർത്തയായിരുന്നു. ഇപ്പോഴിതാ അച്ഛന്മാർ പെറ്റേണിറ്റി ലീവ് എടുക്കുന്ന വിഷയത്തിൽ ചൂടൻ ചർച്ച നടക്കുകയാണ് ട്വിറ്ററിൽ. മകളെ നോക്കാനായി പെറ്റേണിറ്റി ലീവ് എടുത്ത അലെക്സിസ് ശക്തമായ പ്രതികരണവും പങ്കുവെച്ചിരിക്കുകയാണ്. 

പാലാന്റിർ ടെക്നോളജീസ് ഇങ്കിന്റെ സ്ഥാപകനായ ജോ ലോൻസ്ഡെയ്ൽ ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തോടെ പെറ്റേണിറ്റി ലീവെടുത്ത യു.എസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബട്ടി​ഗീ​ഗിനെ വിമർശിച്ചായിരുന്നു ജോയുടെ ട്വീറ്റ്. പീറ്റിനെ വിമർശിച്ച് പോഡ്കാസ്റ്റ് അവതാരകനും കമന്റേറ്ററുമായ ജോ റോ​ഗൻ പങ്കുവച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ജോ ലോൻസ്ഡെയ്ൽ. 

അച്ഛന്മാർ കുട്ടികൾക്കൊപ്പം ചെലവഴിക്കുകയും അമ്മയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് മഹത്തരമാണെന്നും എന്നാൽ പ്രധാന പദവികളിലിരിക്കവേ കുഞ്ഞിനുവേണ്ടി ആറുമാസത്തോളം ലീവെടുക്കുന്നയാൾ പരാജിതനാണ് എന്നുമായിരുന്നു ലോൻസ്ഡെയ്ലിന്റെ ട്വീറ്റ്. മുൻകാലങ്ങളിൽ പുരുഷന്മാർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരിക്കവേ തന്നെ അവരുടെ ഭാവിക്കായി കഠിനമായി പ്രയത്നിച്ചിരുന്നു എന്നും അതാണ് യഥാർഥ പുരുഷത്വത്തിന്റെ കടമ എന്നും ട്വീറ്റിൽ കുറിച്ചു. 

ട്വീറ്റുകളും മറുട്വീറ്റുകളുമായി ചർച്ച കൊഴുക്കവേയാണ് അലെക്സിസ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. എന്താണ് യഥാർഥ പുരുഷത്വമുള്ള പ്രതികരണം എന്ന് കുറിക്കുകയായിരുന്നു അലെക്സിസ്. നിങ്ങളുടെ കുടുംബത്തിനും കുഞ്ഞിനും വേണ്ടതെന്തോ അത് ചെയ്യുക എന്നതാണ് യഥാർഥ പുരുഷത്വത്തിന്റെ ചുമതല എന്ന് അലെക്സിസ് കുറിച്ചു. റെഡ്ഡിറ്റിലെയും ഇനിഷ്യലൈസ്ഡ് കാപിറ്റലിലെയും പാരന്റൽ ലീവിനെക്കുറിച്ച് വിശദമാക്കുകയും ചെയ്തു അലെക്സിസ്. കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിശ്ചയിക്കാവുന്ന വിധത്തിലാണ് അവധിയുടെ ഘടനയെന്നും അദ്ദേഹം കുറിച്ചു. 


 
അലെക്സിസിന് പിന്തുണയുമായി ഇനിഷ്യലൈസ്ഡ് കാപിറ്റലിന്റെ സഹസ്ഥാപകൻ ​ഗാരി ടാനും ട്വീറ്റ് ചെയ്തു. തനിക്ക് ലഭ്യമായ നാലുമാസ പെറ്റേണിറ്റി ലീവ് ലഭ്യമാക്കിയിരുന്നുവെന്നും ജേലിക്കും പണത്തിലുമുപപി ജീവിതമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ഉയരവേ ജോ ലോൻ‍ഡ്സെയ്ൽ തന്റെ വാദം തിരുത്തി ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ ട്വീറ്റിൽ പരാജിതൻ എന്ന പദം ഉപയോ​ഗിക്കരുതായിരുന്നു എന്നും വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

മകൾ അലെക്സിസ് ഒലിമ്പ്യ ഒഹാനിയൻ ജൂനിയറിന്റെ ജനനം മുതൽ യുഎസിൽ ശമ്പളത്തോടു കൂടിയ ഫാമിലി ലീവിനു വേണ്ടി വാദിക്കുന്നയാളാണ് അലെക്സിസ്. നാലുവർഷത്തോളമായി അതിനുവേണ്ടിയുള്ള തന്റെ പോരാട്ടം തുടരുകയാണെന്നും അതിനരികിലേക്ക് എത്താറായെന്നും അകെല്സിസ് കുറിച്ചിരുന്നു. 

Content Highlights: 6-Month Paternity Leave Is For 'Losers,' Said Venture Capitalist. Alexis Ohanian's Rejoinder