കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടയില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് 4698 പ്രവാസി ഭര്‍ത്താക്കന്മാര്‍. വിദേശകാര്യമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2016 ജനുവരി മുതല്‍ 2019 മെയ് 31 വരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രവാസികളായ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്കായി ബുഹമുഖ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൗണ്‍സലിങ്, മാര്‍ഗനിര്‍ദേശങ്ങള്‍, നിയമനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജുഡീഷ്യല്‍ കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുക, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക, ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയ നടപടികളാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ഭര്‍ത്താക്കന്മാരാന്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായി കേസ് നടത്തിപ്പിനും മറ്റുമായി നല്‍കുന്ന സാമ്പത്തിക സഹായം 2,74,660 രൂപ ആയി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. 

പ്രവാസി ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോയ 45 പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരിയില്‍ 'പ്രവാസി ഇന്ത്യന്‍ വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ 2019' രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവാസികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും, പാസ്‌പോര്‍ട്ടില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പരിഷ്‌കരിക്കണമെന്നുമാണ് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇപ്രകാരം ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ അധികൃതര്‍ക്ക് സാധിക്കും. ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും അന്ന് അറിയിച്ചിരുന്നു. 

Content Highlights: 4698 NRI Husbands Deserted Their Wives