ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്ക് ഇരയാക്കപ്പെടുന്നവരുണ്ട്. ശാരീരിക പരിമിതികൾ വച്ച് അവരുടെ കഴിവിനെ കുറച്ചു കാണുന്നവർ ഏറെയാണ്. അത്തരക്കാർക്കെല്ലാം ചുട്ടമറുപടി നൽകി അസാധ്യമായതൊന്നുമില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഒരു യുവതി. മഹാരാഷ്ട്രയിൽ നിന്നുള്ള കവിതാ ഭോണ്ഡ്വെ എന്ന മുപ്പത്തിനാലുകാരിയാണ് പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ  രണ്ട് ​ഗ്രാമങ്ങളുടെ സർപഞ്ച് പദവി വഹിക്കുന്നത്. 

മഹാരാഷ്ട്രയിലെ നാസിക് ​ജില്ലയിലെ രണ്ട് ​ഗ്രാമങ്ങളുടെ സർപഞ്ച് ആണ് കവിത. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നേതൃസ്ഥാനം വിട്ടുവീഴ്ച്ചയില്ലാതെ വഹിക്കുമ്പോഴും കഴിഞ്ഞ കാലത്ത് ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസങ്ങൾ കവിത ഇന്നും മറന്നിട്ടില്ല. ക്രച്ചസിൽ വരുന്ന തന്നെ കാണുമ്പോഴേക്കും പലരും കളിയാക്കിയിരുന്നുവെന്ന് കവിത പറയുന്നു. എന്നാൽ അന്നേ തളരില്ലെന്ന് തീരുമാനിച്ചിരുന്നു. അച്ഛനിൽ നിന്നും ​ഗ്രാമത്തിലെ മുതിർന്നവരിൽ നിന്നുമൊക്കെ കാര്യങ്ങൾ പഠിച്ചെടുത്തു. ഇരുപത്തിയഞ്ചാം വയസ്സിൽ ​സർപഞ്ച് ആയപ്പോൾ പലരിലും അത് അതൃപ്തിയുണ്ടാക്കിയിരുന്നുവെന്നും കവിത പറയുന്നു. 

അവനവനെ നേരെ നോക്കാൻ കഴിയാത്തയാൾ എങ്ങനെ ​ഗ്രാമത്തെ പരിപാലിക്കുമെന്നായിരുന്നു പലരും കവിതയോട് ചോദിച്ചത്. എന്നാൽ താൻ അതൊന്നും കൂട്ടാക്കാതെ മുന്നോട്ടുപോയി. ഓഫീസിൽ കൊണ്ടുപോകാനും വരാനുമൊക്കെ അച്ഛനും സഹോദരനും കൂടെ നിന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നത് അച്ഛനാണെന്നും കവിത പറയുന്നു. കവിതയുടെ അച്ഛൻ പുണ്ടലിക് ഭോണ്ഡ്വെ പതിനഞ്ചുവർഷത്തോളം ​ഗ്രാമപഞ്ചായത്ത് അം​ഗമായിരുന്നു. 

ഒമ്പതു വർഷം നീണ്ട തന്റെ പ്രവർത്തന കാലയളവിൽ ഉടനീളം ​ഗ്രാമങ്ങളിൽ റോഡ്, കുടിവെള്ളം, ദരിദ്രർക്ക് വീട് തുടങ്ങിയ മേഖലകളിലെല്ലാം പുരോ​ഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് കവിത പറയുന്നു. സ്ഥലത്തെ പല നിയമരഹിത പ്രവർത്തനങ്ങളെ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളിൽ വിദ്യാഭ്യാസത്തിന്റെ അവബോധം സംബന്ധിച്ച പരിപാടികളും കവിത സംഘടിപ്പിച്ചിരുന്നു.

കവിതയുടെ ജീവിതം വൈറലായതോടെ നിരവധി പേരാണ് അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള നിരവധി പെൺകുട്ടികൾക്ക് പ്രചോദനമാണ് കവിതയെന്ന് പലരും പറയുന്നു. കാണുന്നവരുടെ കണ്ണിലാണ് പരിമിതിയെന്നും സ്വന്തം നിശ്ചയദാർഢ്യം കൊണ്ട് അവയെയെല്ലാം മറികടക്കാനാവുമെന്നും തെളിയിക്കുന്നതാണ് കവിതയുടെ ജീവിതമെന്നും കമന്റ് ചെയ്യുന്നവരുണ്ട്.  

Content Highlights: 34-year-old differently-abled woman becomes Sarpanch of 2 villages