ലോകത്തിലെ ഏറ്റവും ഉയരമേറിയ പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. തുർക്കിയിൽ നിന്നുള്ള റുമെയ്സാ ​ഗെൽ​ഗിയാണ് കക്ഷി. ഇരുപത്തിനാലുകാരിയായ റുമെയ്സയുടെ ഉയരം 215.16 സെന്റിമീറ്ററാണ്(7അടി 7 ഇഞ്ച്). ഇതോടെ രണ്ടാംതവണയാണ് റുമെയ്സ ​ഗിന്നസ് റെക്കോർ‍ഡ് തിരുത്തിക്കുറിക്കുന്നത്. 

നേരത്തേ 2014ലാണ് റുമെയ്സ പതിനെട്ടാം വയസ്സിൽ റെക്കോർഡിൽ മുത്തമിടുന്നത്. അന്ന് ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരി എന്ന റെക്കോഡാണ് റുമെയ്സയെ തേടിയെത്തിയത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന വീവർ സിൻഡ്രം എന്ന ആരോ​ഗ്യാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിനു പിന്നിൽ. 

ഇതുമൂലം അസ്ഥി വികാസം സംബന്ധമായ പ്രശ്നങ്ങളും റുമെയ്സ നേരിടുന്നുണ്ട്. മിക്കവാറും വീൽചെയറിലാണ് റുമെയ്സയുടെ ജീവിതം. വാക്കർ ഉപയോ​ഗിച്ച് ചെറിയ ദൂരങ്ങൾ നടക്കാനും റുമെയ്സയ്ക്ക് കഴിയും. 

റെക്കോർ‍ഡുകളിൽ മുത്തമിടുന്നുവെന്ന് കരുതി അത്ര സുഖകരമായിരുന്നില്ല തന്റെ യാത്രകളെന്നും റുമെയ്സ പറയുന്നു. കുട്ടിക്കാലത്ത് ഉയരത്തിന്റെ പേരിൽ ഏറെ പരിഹാസം കേട്ടിരുന്നു. കുടുംബത്തിന്റെ പിന്തുണകൊണ്ടാണ് താൻ ആത്മവിശ്വാസത്തോടെ മുന്നേറിയതെന്നും റുമെയ്സ.

​ഗിന്നസ് വേൾഡ് റെക്കോർ‍ഡ്സിന്റെ ഔ​ദ്യോ​ഗിക പേജിലൂടെ റുമെയ്സയുടെ വീ‍ഡിയോ പുറത്തുവരികയും ചെയ്തു. വ്യത്യസ്തയാവുക എന്നത് അത്ര മോശം കാര്യമല്ല. നിങ്ങൾ മുമ്പൊരിക്കലും ചിന്തിച്ചിട്ടിലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ അതിന് സാധിക്കും- എന്ന ക്യാപ്ഷനോടെയാണ് പേജിൽ വീഡിയോ പുറത്തുവന്നത്.

Content Highlights: 24-Year-Old From Turkey Confirmed As World's Tallest Living Woman