വര്‍ഷങ്ങളായി തന്റെ കൈവശമുണ്ടായിരുന്നു ആഭരണം വില്‍ക്കുന്നതിന് വടക്ക് കിഴക്ക് ഇംഗ്ലണ്ടിലെ ഒരു ലേലകേന്ദത്തിലെത്തിയതായിരുന്നു ആ മധ്യവയസ്ക. ഒട്ടേറെ ആഭരണങ്ങള്‍ അവരുടെ ബാഗില്‍ ഉണ്ടായിരുന്നു. സാധാരണ കല്ലില്‍ തീര്‍ത്തതാണെന്നു കരുതി സൂക്ഷിച്ച ഒരു വജ്രക്കല്ലും അവരുടെ പക്കലുണ്ടായിരുന്നു. ലേലകേന്ദ്രത്തിന്റെ ഉടമ കല്ലിന്റെ മാറ്റ് പരിശോധിച്ചപ്പോഴാണ് വഴിത്തിരിവുണ്ടായത്. ഒരു സാധാരണ കല്ലായി മധ്യവയസ്ക കരുതിയിരുന്നത് 34 കാരറ്റിന്റെ തനി വജ്രമായിരുന്നു. വിറ്റ് ഒഴിവാക്കാന്‍ അവർ കരുതിയ ആ വജ്രത്തിന്റെ മൂല്യം ഏകദേശം 20 കോടി രൂപ! 

കൃത്രിമ ഡയമണ്ടായ ക്യുബിക് സിര്‍കോണിയ ആണ് സ്ത്രീ കൈമാറിയതെന്ന് കരുതി ഉടമ അത് ഡയറക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചു. എന്നാല്‍, ഡയമണ്ട് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മറ്റൊരാള്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് അത് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ പ്രകൃതിദത്ത വജ്രമാണെന്ന് തിരിച്ചറിഞ്ഞതോടെ ലണ്ടനിലെ വിദഗ്ധരെ കടയുടമ സമീപിക്കുകയായിരുന്നു. അവിടെനിന്നാണ് 34 കാരറ്റ് വജ്രമാണെന്ന് തിരിച്ചറിയുന്നത്. കല്ലിന്റെ ഭാരം കണക്കാക്കിയാണ് കാരറ്റ് അളവ് നിശ്ചയിക്കുന്നത്. ഭാരം കൂടിയ കല്ലുകള്‍ക്ക് ഉയര്‍ന്ന കാരറ്റും മൂല്യവുമാണ് ഉണ്ടാകുക.

വജ്രത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥയായ സ്ത്രീയുടെ പേര് പുറത്തുവിടില്ലെന്ന് ലേലം വിളി കേന്ദ്രം അറിയിച്ചു. തനിക്ക് എവിടുന്നാണ് ഈ വജ്രക്കല്ല് കിട്ടിയതെന്ന് ഓര്‍മയില്ലെന്നാണ് സ്ത്രീ പറയുന്നത്. ഇത്രമൂല്യമേറിയ വസ്തു തന്റെ ജീവിതത്തില്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലെന്ന് ലേലകേന്ദ്രത്തിന്റെ ഉടമ ലെയ്ന്‍ പറഞ്ഞു. 

Content highlights: 20 crore valued diamond, women sold to aution center, it was 32 carat natural diamond