ഡോ. കിംബെര്‍ലെ സ്ട്രാബിള്‍, ഈ പെണ്‍കുട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. പതിനേഴുകാരിയായ ഇവള്‍ കാലിഫോര്‍ണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ്. മാത്രമല്ല ഡോക്ടറേറ്റ് നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കിംബെര്‍ലെ.

ഗ്ലോബല്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തിലാണ് കിംബര്‍ലെ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ലോക ചരിത്രത്തിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ ആളും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടുന്ന ലോകത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ വ്യക്തിയും ഡോക്ടറേറ്റ് നേടുന്ന അമേരിക്കയിലെ ആദ്യത്തെ പ്രായം കുറഞ്ഞയാളും കിംബര്‍ലെയാണ്. 

പ്രായക്കുറവ് കാരണം ധാരാളം പ്രതിസന്ധികള്‍ ഡോക്ടറേറ്റ് നേടാന്‍ കിംബര്‍ലെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാം വളരെ രസകരമായ അനുഭവമായിരുന്നു എന്നാണ് കിംബര്‍ലെ ഇതേപ്പറ്റി പറയുന്നത്.

കിംബര്‍ലെ മാത്രമല്ല, അവളുടെ മൂത്ത സഹോദരി പതിനെട്ട് വയസ്സിന് മുന്‍പേ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇളയ സഹോദരങ്ങള്‍ ബിരുദം നേടാനുള്ള ശ്രമത്തിലാണ്. 'അവള്‍ അവളുടെ സ്വപ്‌നത്തിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളും ഒപ്പം നിന്നു, കഠിനമായി അധ്വാനിച്ചു. അവള്‍ക്ക് ആവശ്യമായ ചെറിയ പിന്തുണകള്‍ പോലും ഒരു മടിയും കൂടാതെ ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ മക്കളെ നിര്‍ബന്ധിക്കാറില്ല, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറ്. അവര്‍ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ അവരുടെ ഒപ്പം പോകാനാണ് ഞങ്ങളുടെ ശ്രമം.' കിംബര്‍ലെയുടെ പിതാവ് ഗ്രെഗ് പറയുന്നു.

Content highlights: 17-year-old girl becomes world's youngest to earn a doctorate in business administration