ത്തിച്ച ഒരു നിലവിളക്കിനുചുറ്റും 1500 അംഗനമാര്‍. കസവുചുറ്റി മുല്ലപ്പൂവും തുളസിക്കതിരും ചൂടി അവര്‍ 12 ചുറ്റില്‍ അണിനിരന്നപ്പോള്‍ വെയിലും ഒന്ന് മങ്ങി, തിരുവാതിരയ്ക്ക് അരങ്ങൊരുക്കി.

ഗണപതിസ്തുതിയോടെ തുടങ്ങിയ തിരുവാതിരപ്പാട്ടിന്റെ താളത്തില്‍ അവര്‍ കൈകൊട്ടി ചുവടുവെച്ചു. ചിറ്റില്ലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വ്യാഴാഴ്ച എന്‍.എസ്.എസ്. കലാസാംസ്‌കാരിക സാമൂഹിക വിഭാഗമായ മന്നം സോഷ്യല്‍ സര്‍വീസിന്റെ നേതൃത്വത്തിലാണ് 'തിരുവാതിരക്കളി സമന്വയം-2016' നടന്നത്.  ഒത്തൊരുമയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായിമാറി ഇത്.

ആലത്തൂര്‍-ചിറ്റൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലുള്‍പ്പെട്ട നൂറിലധികം എന്‍.എസ്.എസ്. കരയോഗങ്ങളിലുള്ളവര്‍ തിരുവാതിരയില്‍ അണിചേര്‍ന്നു. വടക്കഞ്ചേരി നൃത്താഞ്ജലി ഡാന്‍സ് അക്കാദമിയാണ് സംഘത്തിന് പരിശീലനം നല്‍കിയത്.

ആദ്യം വടക്കഞ്ചേരി നൃത്താഞ്ജലി ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ആചാര്യ അനുസ്മരണം നടത്തി. പിന്നെ എല്ലാവരും ചേര്‍ന്ന് ഗണപതിസ്തുതിക്കും ദേവീസ്തുതിക്കും ചുവടുവെച്ച് 'കൈതൊഴാം കൃഷ്ണാ...' എന്ന തിരുവാതിരപ്പാട്ടിന്റെ ഈണത്തില്‍ കളി തുടങ്ങി.

20 മിനിറ്റ് നീണ്ട തിരുവാതിരക്കളിയില്‍ പാട്ടിന്റെ താളത്തിനൊത്ത് ചുവടുകളും ലാസ്യ-ചടുല ഭാവമായി ഇഴചേര്‍ന്നു. തിരുവാതിരയ്ക്കുമുമ്പ് പഞ്ചവാദ്യം, അഷ്ടപദി മുതലായവ ഉണ്ടായി. യൂണിയന്‍ പ്രസിഡന്റ് അയ്യഴി ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു.