ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കിഴക്കൻ ഡൽഹിയിലാണ് സംഭവം. രണ്ട് മാസം മുൻപ് കാണാതായ പെൺകുട്ടി ഗർഭിണിയായാണ് തിരിച്ചെത്തിയത്.

കിഴക്കൻ ഡൽഹിയിലെ ഹോട്ടലിലെ പന്ത്രണ്ട് ജീവനക്കാരാണ് എട്ടാം ക്ലാസുകാരിയായ  കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസം തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തത്. മെയ് ആറിന് എെസ്ക്രീം വാങ്ങാനെത്തിയപ്പോഴാണ് ഇവർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

മകളെ കാണാതായതിനെ തുടർന്ന് കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിക്കുകയും ഇതിനെത്തുടർന്ന് പ്രതികളിൽ ഒരാൾ കുട്ടിയുമായി കോടതിയിൽ ഹാജരാവുകയുമായിരുന്നു. അവശനിലയിലായ പെൺകുട്ടിയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കോടതി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

 മകളെ കണ്ടെത്താനായി പല തവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങി മടുത്തപ്പോഴാണ് അച്ഛൻ കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയതുവഴി തനിക്ക് 45000 രൂപയോളം ചിലവായതായി അച്ഛൻ പറഞ്ഞു.