ഷാര്‍ജ: നായകളുടെ 102 വര്‍ഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തി രേഖപ്പെടുത്തിയ ഷാര്‍ജയിലെ മലയാളി വിദ്യാര്‍ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി.

ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്‌ളീഷ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി എവ്ലിന്‍ ബിനു മാത്യു ആണ് ഈ നേട്ടത്തിനുടമ. ഇതിനുമുന്‍പ് നായകളുടെ 40 ഇനങ്ങളെ രേഖപ്പെടുത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിയെ പിന്നിലാക്കിയാണ് ഒമ്പതുവയസ്സുകാരി എവ്ലിന്‍ റെക്കോഡ് നേടിയത്.

രണ്ടുമിനിറ്റും എട്ട് സെക്കന്‍ഡുംകൊണ്ട് 102 നായവര്‍ഗങ്ങളെ എവ്ലിന്‍ കൃത്യമായി അടയാളപ്പെടുത്തി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ജൂറി അയച്ച വെര്‍ച്വല്‍ ലിങ്ക് വഴിയാണ് 'ഡാല്‍മേഷന്‍', 'വെസ്റ്റ് ഹൈലന്‍ഡ് ടെറിയര്‍', 'ബുള്‍ഡോഗ്', 'എയിര്‍ഡെയില്‍ ടെറിയര്‍', 'പുഗ്', 'ബീഗിള്‍', 'ലാബ്രഡോര്‍', 'ഷിറ്റ്സു', പൊമറേനിയന്‍', 'സ്‌കോട്ടിഷ് നോവ ഡക്ക് ട്രോളിങ് റീട്രെവര്‍' തുടങ്ങിയ നായകളുടെ വര്‍ഗങ്ങളും അവയുടെ വകഭേദങ്ങളും രേഖപ്പെടുത്തിയത്.

പരിസ്ഥിതി സംരക്ഷണത്തിലും ചിത്രരചനയിലും താത്പര്യമുള്ള എവ്ലിന്‍ പഠനത്തിലും മിടുക്കിയാണ്. സംഗീതവും അഭ്യസിക്കുന്ന ഈ മിടുക്കി ഉമ്മുല്‍ ഖുവൈന്‍ ആനിമല്‍ വെല്‍ഫെയര്‍ സെന്ററില്‍ വൊളന്റിയര്‍ ആയും സേവനംചെയ്യാറുണ്ട്.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ദുബായ് എമിറേറ്റ്സ് എന്‍.ബി.ഡി. ബാങ്ക് ജീവനക്കാരനായ ബിനു മാത്യുവിന്റെയും ഷാര്‍ജ ഔവര്‍ ഇംഗ്‌ളീഷ് ഹൈസ്‌കൂള്‍ അധ്യാപിക ദിവ്യ വര്‍ഗീസിന്റെയും മകളാണ് എവ്ലിന്‍. കെ.ജി. വിദ്യാര്‍ഥിനി ക്രിസ്ലിന്‍ സഹോദരിയാണ്.

Content Highlights: 102 breeds of dogs were recorded; Record for fourth grade student