വിയ്യൂര്‍: കനാല്‍വെള്ളത്തില്‍ അകപ്പെട്ട മൂന്നു വയസ്സുകാരന് പത്തു വയസ്സുകാരിയുടെ ധീരതയില്‍ പുതുജീവന്‍. രാമവര്‍മപുരം മണ്ണാത്ത് ജോയ് എബ്രഹാമിന്റെ രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയയാണ് കനാലില്‍ ചാടി അയല്‍വാസിയായ അനയിനെ രക്ഷിച്ചത്. തുരുത്തിക്കാട്ടില്‍ ലിന്റോയുടെ മകനാണ് അനയ്.

വീടിന് മുന്നിലൂടെ ഒഴുകുന്ന നാലടിയോളം വെള്ളമുള്ള കനാലില്‍ കളിക്കാനായി അനയ് ചാടുകയായിരുന്നു. അനയ് ചാടിയത് കണ്ട കുട്ടികളെല്ലാം എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചു. നിലവിളി കേട്ട് വീട്ടില്‍നിന്നും ഓടിയെത്തിയ എയ്ഞ്ചല്‍, അനയ് വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതാണ് കണ്ടത്. സമയം പാഴാക്കാതെ കനാലില്‍ എടുത്തുചാടിയ എയ്ഞ്ചല്‍ അനയിനെ എടുത്ത് തോളിലിട്ട് കരയ്‌ക്കെത്തിച്ചു.

ചാട്ടത്തിനിടയില്‍ ഈ പത്തു വയസ്സുകാരിയുടെ കാലില്‍ കനാലിലെ കുപ്പിച്ചില്ല് കയറിയെങ്കിലും വേദന സഹിച്ച് അനയിനേയും എടുത്ത് നീന്തിക്കയറുകയായിരുന്നു. കരയിലെത്തിയ അനയിന് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് എയ്ഞ്ചല്‍ തനിക്കുണ്ടായ പരിക്ക് ചികിത്സിക്കാനായി ആശുപത്രിയില്‍ പോയത്.

ഇരുപത് മീറ്ററോളം ഒഴുകിപ്പോയ അനയിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തന്റെ അനുജന്റെ പ്രായമുള്ള അനയിനെ രക്ഷിച്ചതിലുള്ള സന്തോഷത്തിലാണ് എയ്ഞ്ചല്‍. തൃശ്ശൂര്‍ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എയ്ഞ്ചല്‍.

കഴിഞ്ഞവര്‍ഷം വേനലവധിക്കാലത്ത് രാമവര്‍മപുരം ഫയര്‍ഫോഴ്സ് അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നീന്തല്‍ പരിശീലനം എയ്ഞ്ചല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്

Content Highlights: 10 year old girl saved little boy